രാജാക്കാട്: ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിൽ കൃഷിയിടത്തിൽ ഇഞ്ചി നടുകയായിരുന്ന ബധിരനും മൂകനുമായ ആദിവാസിയെ കാട്ടാനകൾ ചവിട്ടി കൊലപ്പെടുത്തി. ആദിവാസി കുടിയിലെ താമസക്കാരനായ എസ്.കൃഷ്ണനാണ് (45) കൊമ്പനാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തിൽ ഇഞ്ചി നട്ടുകൊണ്ടിരിക്കുമ്പോൾ നാട്ടുകാർ ചക്കക്കൊമ്പൻ എന്നും അരിക്കൊമ്പൻ എന്നും വിളിക്കുന്ന അക്രമണകാരികളായ രണ്ട് കാട്ടുകൊമ്പന്മാർ പിന്നിലൂടെ എത്തി ഇയാളെ ആക്രമിക്കുകയായിരുന്നു. മറ്റാരും ഇദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നില്ല.
തലയ്ക്കുള്ള ചവിട്ടും തുമ്പിക്കൈക്കുള്ള അടിയും ഏറ്റ കൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കേൾവിശക്തി ഇല്ലാത്തതിനാൽ ആനകൾ എത്തിയത് കൃഷ്ണൻ അറിഞ്ഞില്ല. ചവിട്ടേറ്റ് തല തകർന്ന നിലയിലാണ്. കൊലയ്ക്ക് ശേഷമുള്ള ആനകളുടെ ചിന്നംവിളി കേട്ട് കുടിയിലെ മറ്റുള്ളവർ എത്തിയപ്പോഴാണ് കൃഷ്ണൻ ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞത്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്നും ആനകൾ മാറതെ നിന്നതിനാൽ ആളുകൾക്ക് കൃഷ്ണന്റെ അടുത്തേയ്ക്ക് ചെല്ലാനായില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ നാലരയോടെയാണ് ആനകളെ കാട്ടിലേയ്ക്ക് തുരത്താനായത്. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. അവിവാഹിതനാണ്. പിതാവ് ശിവനാണ്ടി. മാതാവ് ലക്ഷ്മി. സഹോദരങ്ങൾ: പളനി, ചൊക്കൻ, സരസ്വതി, പൊന്നുമാല, രേവതി, മേനക.