തിരുവനന്തപുരം: ബാലാക്കോട്ട് ഭീകരാക്രണവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. പുൽവാമയിൽ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പകരംവീട്ടാനായി പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മോശമായ കാലാവസ്ഥയിൽ ആക്രമണം നടത്തണോ എന്ന് സംശയിച്ചിരിക്കുമ്പോൾ മഴമേഘങ്ങളുള്ളപ്പോൾ പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമല്ലോ എന്ന് നിർദേശിച്ചത് താനാണെന്ന് മോദി പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്. മോദിയുടെ അവകാശവാദത്തിലെ അശാസ്ത്രീയതയും അബദ്ധങ്ങളും ചൂണ്ടികാട്ടി വിദഗ്ദരും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. പരാമർശം വിവാദമായതിനെ തുടർന്ന് മോദിയിൽ നിന്ന് ഇത്തരം അപക്വമായ പ്രസ്‌താവനകളുണ്ടായത് നാടിന് മൊത്തം നാണക്കേടാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ കക്ഷികളും മോദിയുടെ പരാമർശത്തെ പരിഹസിച്ച് രംഗത്തെത്തി. 'ഡേയ്..ഐ.സ്.ആർ.ഓ... നിങ്ങൾ സൂര്യനിലേക്ക് റോക്കറ്റ് വിടുന്നുണ്ടോ...ഉണ്ടെങ്കിൽ രാത്രി വിക്ഷേപിച്ചാൽ മതി.. അപ്പോൾ സൂര്യന്‍ തണുത്തിരിക്കും...എങ്ങനെയുണ്ട് പുതിയ തിയറി', 'മോദി ജി പറഞ്ഞത് ശരിയല്ലേ... മേഘത്തിന്റെ മുകളിലൂടെ പോവുമ്പോൾ നമ്മക്ക് തന്നെ ഒന്നും കാണില്ല.. പിന്നെങ്ങനെയാണ് പാകിസ്താന്റെ ഏതോ രാധ R ന് കാണാന്‍ കഴിയുക'. തുടങ്ങിയ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.