loksabha-election-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ആറുമണിവരെ അറുപത് ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ തകരാറു കാരണം ഇത്തവണയും പലയിടത്തും വോട്ടെടുപ്പ് വൈകി. തകരാറിലായ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചതിനെതിരെ ആം ആദ്മി പാർട്ടിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ത്രികോണ മത്സരം നടക്കുന്ന രാജ്യതലസ്ഥാനത്ത് ചില ബൂത്തുകളിൽ മാത്രമാണ് നീണ്ട നിരകാണാനായത്. അതിനിടെ ഡൽഹി സൗത്ത് മണ്ഡലത്തിലെ സംഗം വിഹാറിൽ കള്ള വോട്ടു നടന്നെന്ന ആരോപണവുമായി എ.എ.പി സ്ഥാനാർത്ഥി രാഘവ് ഛദ്ദ രംഗത്തെത്തി. ക്രിക്കറ്റ് താരം വിരാട് കോഹ് ലി ഹരിയാനയിലെ ഗുരുഗ്രാമത്തിലാണ് വോട്ടു ചെയ്തത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്,​ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി , കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധി , കേന്ദ്രമന്ത്രി സുഷമ സ്വരാജ് , ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ , പ്രകാശ് കാരാട്ട് , ബി.ജെ.പി സ്ഥാനാർത്ഥി ഗൗതം ഗംഭീർ,​ തുടങ്ങിയ പ്രമുഖർ ഡൽഹിയിൽ വോട്ടു ചെയ്തു. വൈകി പോളിംഗ് ബൂത്തിലെത്തിയ ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്‍‍വിജയ് സിംഗിന് വോട്ട് ചെയ്യാനായില്ല.

അതേസമയം വോട്ടെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ബി.ജെ.പി തൃണമൂൽ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടത്തിയ ജാഡ് ഗ്രാം ജില്ലയിലാണ് കഴിഞ്ഞ രാത്രിയിൽ ബി.ജെ.പി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാഡ് ഗ്രാമിലുണ്ടായി ഏറ്റുമുട്ടലിൽ നിരവധി ബി.ജെ.പി തൃണമൂൽ പ്രവർത്തകർക്ക് പരിക്കേറ്റു. മേദിനിപ്പൂരിലെ കാന്തിയിൽ തൃണമൂൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മേദിനിപ്പൂരിൽ രണ്ടു ബി.ജെ.പി പ്രവർത്തകർക്ക് വെടിയേറ്റു.

ബാങ്കുടയിലും ബിജെപി തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. ഘട്ടാലിലെ ബി.ജെ.പി സ്ഥാനാർത്ഥി ഭാരതി ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി.