തൃശ്ശിവപേരൂർ പോലെതന്നെ ക്ഷേത്രനഗരമാണ് ഉത്തർപ്രദേശിലെ വാരണാസിയും. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് മേളം മുറുകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയിൽ വോട്ടെടുപ്പിന്റെ പൂരം അടുത്ത ഞായറാഴ്‌ച. പോളിംഗിന്റെ അവസാന ഘട്ടമായതുകൊണ്ട് വാരണാസിയിലേക്ക് ഇനി നേതാക്കളുടെ നിരനിരയായ എഴുന്നള്ളത്ത്. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിൽ. വാരണാസി ഇനി പ്രചാരണത്തിന്റെ ഇലഞ്ഞിത്തറ മേളത്തിനും, വിവാദങ്ങളുടെ കുടമാറ്റത്തിനും ആരോപണങ്ങളുടെ വെടിക്കെട്ടിനും അരങ്ങാകും.
വാരണാസി
യു.പിയിൽ ഗംഗാതീരത്തെ ക്ഷേത്രനഗരം. കാശി, ബനാറസ് എന്നും പേര്. ലക്‌നൗവിൽ നിന്ന് 320 കിലോമീറ്ററും, അലഹബാദിൽ നിന്ന് 121 കിലോമീറ്ററും ദൂരം. പ്രാദേശിക ഭാഷ ഭോജ്പുരി. ഗംഗാനദിയിൽ ആകെ 88 ഘട്ടങ്ങളുണ്ട്, വാരണാസിയിൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിറ്റിംഗ് സീറ്റ്. ഇത്തവണ വാരണാസിയിൽ നിന്നു മാത്രം മോദി മത്സരിക്കുന്നു.
2009
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി വാരണാസിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷം 2,03,122. രണ്ടാം സ്ഥാനത്ത് എത്തിയത് ബി.എസ്.പിയിലെ മുഖ്താർ അൻസാരി. മൂന്നാം സ്ഥാനം കോൺഗ്രസിലെ അജയ് റായ്‌ക്ക്.
2014
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി 3,71,784 വോട്ട് ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. വഡോദരയിൽ നിന്നു കൂടി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം നിലനിർത്തിയത് വാരണാസിയാണ്. മോദിക്ക് അന്നു കിട്ടിയ വോട്ട് 5,81,022
2019
പ്രധാനമനന്ത്രി പദത്തിൽ രണ്ടാംവട്ടം കൊതിക്കുന്ന നരേന്ദ്രമോദി വാരണാസിയിൽ നിന്നു തന്നെ ജനവിധി തേടുന്നു. കഴിഞ്ഞ തവണ മോദിക്കെതിരെ മത്സരിച്ച ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. തൊട്ടടുത്ത എതിരാളി കോൺഗ്രസിലെ അജയ് റായ്
കേജ്‌രിവാൾ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് എതിരെ വാരണാസിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. കി
ട്ടിയ വോട്ട് 2,09, 238. ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി. വാരണാസിയിൽ ഇത്തവണ ആം ആദ്‌മി സ്ഥാനാർത്ഥി മത്സരിക്കുന്നതുമില്ല. ഈ വോട്ട് ആർക്കു കിട്ടും?
അജയ് റായ്
വാരണാസിയിൽ മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി. നിലവിൽ പിന്ദ്ര എം.എൽ.എ.നേരത്തേ നാലു തവണ എം.എൽ.എ ആയിരുന്നു. വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് മൂന്നാം തവണ. നേരത്തേ രണ്ടു തവണയും മൂന്നാം സ്ഥാനം. കഴിഞ്ഞ തവണ ലഭിച്ചത് 75,614 വോട്ട്.
പ്രിയങ്കാ ഗാന്ധി
കോൺഗ്രസ് ജനറൽ സെക്രട്ടറി. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പുത്രിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരിയും. ഇത്തവണ രാജ്യത്തുടനീളം കോൺഗ്രസ് പ്രചാരണ വേദികളിൽ സജീവം. മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. കിഴക്കൻ യു.പിയിൽ പാർട്ടിയുടെ ചുമതലക്കാരി എന്ന നിലയിലെ തിരക്കുകൾ കാരണം മത്സരിക്കേണ്ടെന്ന് പിന്നീട് പാർട്ടി തീരുമാനിച്ചു.
വഡോദര
ഗുജറാത്തിൽ, വിശ്വാമിത്രി നദിക്കരയിലെ പുരാതന നഗരം. ബറോഡ എന്ന് പഴയ പേര്. സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് 141 കിലോമീറ്റർ ദൂരം. കഴിഞ്ഞ തവണ വാരണാസിക്കു പുറമേ, നരേന്ദ്ര മോദി വാഡോദരയിൽ നിന്നു കൂടി മത്സരിച്ചിരുന്നു. അവിടെ ലഭിച്ച ഭൂരിപക്ഷം 5,70,127.
മോദി വാഡോദര ഒഴിഞ്ഞ്, വാരണാസി നിലനിർത്തിയതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൂരിപക്ഷം 3,29,507 വോട്ട്. ഇത്തവണയും രഞ്ജൻബെൻ തന്നെ ഇവിടെ നിന്ന് മത്സരിക്കുന്നു.