കൊച്ചി: കൂടുതൽ പ്രവാസികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി യൂറോപ്പ്യൻ രാജ്യങ്ങളിലും ലഭ്യമാക്കുന്നു. മേയ് 17ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ടി.എം. തോമസ് ഐസക്, കെ.എസ്.എഫ്.ഇയുടെയും കിഫ്‌ബിയുടെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പ്രവാസി ചിട്ടിയെ പരിചയപ്പെടുത്താനായി 18നും 19നും മലയാളി സഹൃദകൂട്ടായ്‌മകളും ലണ്ടനിൽ സംഘടിപ്പിക്കും.

2018 നവംബർ 23ന് ലേലം ആരംഭിച്ച കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി അഞ്ചുമാസം കൊണ്ട് 7.32 കോടി രൂപയുടെ ചിട്ടി ബിസിനസ് കൈവരിച്ചിരുന്നു. ആദ്യഘട്ടത്തിൽ യു.എ.ഇയിലെ പ്രവാസികൾക്കായിരുന്നു ചിട്ടിയിൽ ചേരാൻ അവസരം. ഈവർഷം ഏപ്രിലിൽ മറ്ര് ഗൾഫ് രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. യൂറോപ്പിലുള്ളവർക്ക് രജിസ്‌ട്രേഷനും ചിട്ടിയിൽ ചേരുന്നതും ഒരുമിച്ച് സാദ്ധ്യമാകും. 10 ലക്ഷം രൂപയ്ക്കുമേൽ സലയുള്ള ചിട്ടികളും തുറക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ 30 മാസത്തെ, 15 ലക്ഷം രൂപയുടെയും 25 മാസത്തെ 25 ലക്ഷം രൂപയുടെയും ചിട്ടികളാണ് ആരംഭിക്കുന്നത്. ഇപ്പോൾ 10 ലക്ഷം രൂപവരെ സലയുള്ള ചിട്ടികൾക്ക് മാത്രമാണ് ഇൻഷ്വറൻസുണ്ടാവുക.

ഓൺലൈൻ പദ്ധതിയായ പ്രവാസി ചിട്ടിയിൽ ഇതിനകം രജിസ്‌റ്റർ ചെയ്‌തത് 26,059 പേരാണ്. 17,172 പേർ കെ.വൈ.സി പൂർത്തിയാക്കി. 183 ചിട്ടികളിലായി 5,545 പേർ ചേർന്നു. 685 ചിട്ടി ലേലങ്ങൾ വിജയകരമായി പൂർത്തിയാക്കി. ചിട്ടി അടവായി 25.71 കോടി രൂപയും സ്വരൂപിച്ചു. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്ന് കാലാവധി കഴിയുന്ന മുറയ്ക്ക് പ്രതീക്ഷിക്കുന്നത് 225 കോടി രൂപയാണ്. ചിട്ടിവഴി സമാഹരിക്കുന്ന തുക കിഫ്‌ബി മുഖേന കേരളത്തിലെ വികസന പദ്ധതികൾക്കായാണ് വിനിയോഗിക്കുന്നത്. ഏത് വികസന പദ്ധതിക്കാണ് തുക വിനിയോഗിക്കേണ്ടതെന്ന് വരിക്കാരന് താത്പര്യം പ്രകടിപ്പിക്കാമെന്നത് ചിട്ടിയുടെ പ്രത്യേകതയാണ്.