heavy-rain-

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കൾ,​ ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാദ്ധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാദ്ധ്യത.

ഇടുക്കി ജില്ലയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിന് സാദ്ധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ മലയോരമേഖലകളിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ മഴയത്ത് ജലാശയങ്ങളിൽ ഇറങ്ങരുത്. കുട്ടികൾ വെള്ളക്കെട്ടിലും കുളങ്ങളിലും ചിറകളിലും ഇറങ്ങുന്നത് ഒഴിവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.