തൃശൂർ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഉത്സവമാണ് ശക്തൻ തമ്പുരാൻ ആരംഭിച്ച തൃശൂർ പൂരം. പതിനായിരങ്ങളാണ് വർഷം തോറും പൂരത്തിനെത്തുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് കേരളത്തിടുടനീളം ആനപ്രേമികളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. അതിനിടയിലാണ് തൃശ്ശൂർ പൂരത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ടുകൊണ്ട് യുവാവ് രംഗത്തെത്തിയത്.
ഫഹദ് കെ.പി എന്ന് പേരുള്ള യുവാവാണ് പൂരത്തെ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടന്നത്. യുവാവിന്റെ അധിക്ഷേപത്തിനെതിരെ പൂരപ്രേമികളും രംഗത്തെത്തി. യുവാവ് ഉപയോഗിച്ച വാക്കുകളുടെ സ്ക്രീന്‍ ഷോട്ട് പ്രയോഗിച്ചുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയത്. പൂരത്തെ സ്നേഹിക്കുന്ന ഒാരോ മലയാളികളും ഇതിനെതിരെ രംഗത്ത് വരണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തെ തുടർന്ന് അവസാനം ഫഹദിന്റെ ജോലി തെറിക്കുകയും ചെയ്തു. മാരുതി സുസുക്കിയുടെ എ.എം മോട്ടേഴ്സിലായിരുന്നു ഇയാൾ ജോലി ചെയ്തത്. പൂരപ്രേമികൾ ഓഫീസിലടക്കം വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെന്നുകാട്ടിയാണ് ഫഹദിനെ പുറത്താക്കിയെന്നും അവർ വ്യക്തമാക്കുന്നു.