ആലുവ: എടയാറിൽ ആറ് കോടിയിലേറെ രൂപ വില വരുന്ന 20 കിലോ സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികൾ സംഭവം നടക്കുന്നതിന്റെ രണ്ട് മണിക്കൂർ മുമ്പേ സ്ഥലത്ത് എത്തിയിരുന്നതായി വ്യക്തമായി. സി.ജി.ആർ മെറ്റലോലോയിസ് കമ്പനിക്ക് സമീപമുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്ന് പൊലീസ് ശേഖരിച്ച സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.
എന്നാൽ പ്രതികളുടെ മുഖമോ സഞ്ചരിച്ച ഇരുചക്രവാഹനത്തിന്റെ നമ്പരോ വ്യക്തമല്ലാത്തത് പൊലീസിനെ കുഴക്കുന്നു. സ്വർണം കൊണ്ടുവന്ന സി.ജി.ആർ മെറ്റലോയിസിലെ ഏതെങ്കിലും ജീവനക്കാർക്ക് പ്രതികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. എറണാകുളത്ത് നിന്ന് കാറിൽ സ്വർണവുമായി വന്ന നോയൽ, ഡ്രൈവർ സജി, പീറ്റർ, ജെസ്റ്റിൻ എന്നിവർ ഉൾപ്പെടെ സി.ജി.ആർ മെറ്റലോയിസ് എന്ന സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഫോൺ കാൾ വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പത്തിലേറെ പൊലീസുകാരെ ഇതിനായി മാത്രം ചുമതലപ്പെടുത്തിയിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായരുടെ മേൽനോട്ടത്തിൽ എ.എസ്.പി എം.ജെ. സോജനാണ് കേസ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ സി.ജി.ആർ മെറ്റലോയിസ് എന്ന കമ്പനിക്ക് മുമ്പിലായിരുന്നു സംഭവം.