പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര വോട്ടു ചെയ്‌ത്, മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടുന്ന ചിത്രം ഇന്നലെ സമൂഹ് മാദ്ധ്യമങ്ങളിൽ വൈറലോട് വൈറൽ! പ്രിയങ്കയേക്കാൾ ആരാധകർ വാദ്രയ്‌ക്കോ എന്ന് അമ്പരക്കേണ്ട. കാര്യം അതല്ല- ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത റോബർട്ട് വാദ്രയ്‌ക്ക് ചെറിയൊരു അബദ്ധം പിണഞ്ഞു. ഫോട്ടോയ്‌ക്ക് ഒപ്പം പോസ്റ്റ് ചെയ്‌ത ത്രിവർണ പതാക പരാഗ്വേയുടേത് ആയിപ്പോയി!
ഡൽഹിയിൽ ഇന്നലെ വോട്ട് രേഖപ്പെടുത്തിയ വാദ്ര, സമ്മതിദാനം ആവേശപൂർവം വിനിയോഗിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ചുകൊണ്ടാണ് ട്വിറ്ററിൽ ചിത്രവും സന്ദേശവുമിട്ടത്. അല്‌പം ദേശഭക്തി കൂടി ഇരുന്നോട്ടെ എന്നു കരുതി കൈയിൽ കിട്ടിയ ത്രിവർണ പതാക കൂടി ഒപ്പം ചേർത്തു. പരാഗ്വേയുടെ പതാകയിൽ ചുവപ്പും വെളുപ്പും നീലയുമാണ് വർണങ്ങളെന്ന് വാദ്ര പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. പോരെങ്കിൽ, നമ്മുടെ അശോകചക്രം പോലെ മദ്ധ്യത്തിൽ ഒരു മുദ്രയും.
അബദ്ധം പിണഞ്ഞത് മനസ്സിലാക്കി, അത് നീക്കം ചെയ്യുമ്പോഴേക്കും നാലു മണിക്കൂർ പിന്നിട്ടിരുന്നു. അപ്പോഴേക്കും സ്ക്രീൻ ഷോട്ടുകൾ വേണ്ടത്ര പ്രചരിച്ചു. പോസ്റ്റ് പിൻവലിച്ചെങ്കിലും ട്രോളന്മാർ വിടുമോ? പരാഗ്വേ പൗരനെന്നു വരെ വാദ്രയെ വിളിച്ചു. രാഹുലിന്റെ പൗരത്വ വിഷയം തന്നെ ശത്രുക്കൾ എടുത്തിട്ട് അലക്കുന്നതിനിടയ്‌ക്കാണ് അബദ്ധത്തിലാണെങ്കിൽപ്പോലും സഹോദരീഭർത്താവിനെ പരാഗ്വേ കെണിയിലാക്കിയത്. ഇനി പരാഗ്വേയെക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടില്ല.