ബെംഗളൂരു: മണിപ്പൂർ സമരനായിക ഇറോം ശർമിളയ്ക്ക് ഇരട്ട പെൺകുഞ്ഞുങ്ങൾ പിറന്നു. ബെംഗളൂരുവിലെ ക്ലൗഡ് നയൻ ആശുപത്രിയിൽ ഇന്നലെ രാവിലെ 9.21ഓടെയാണ് 46കാരിയായ ഇറോമിന് ഇരട്ടക്കുട്ടികൾ പിറന്നത്. ഒരു മിനിട്ടിന്റെ വ്യത്യാസത്തിൽ പിറന്ന കുഞ്ഞുങ്ങളുടെ പേര് നിക്‌സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും കുട്ടികളുടേയും അമ്മയുടേയും ചിത്രം വൈകാതെ പുറത്തുവിടുമെന്നും ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു.
മാതൃദിനത്തിൽ തന്നെ കുഞ്ഞുങ്ങൾ പിറന്നത് ഏറെ യാദൃശ്ചികമാണെന്ന് ഇറോമിന്റെ ഡോക്ടർ പറഞ്ഞു. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ചാനു ശർമിള 2017ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം ചെയ്തത്.