കൊച്ചി: മാതൃദിനത്തിൽ ഭാര്യ പ്രിയയുടെയും മകന്റെയും ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. 'എന്റെ പ്രണയത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി' എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് താരത്തിന് ആൺകുഞ്ഞ് പിറന്നത്. 2005-ലാണ് കുഞ്ചാക്കോ ബോബൻ പ്രിയയെ വിവാഹം ചെയ്യുന്നത്.
ബോബൻ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നൽകിയിരിക്കുന്ന പേര്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്. കുഞ്ഞ് പിറന്നത് മുതൽ കുഞ്ഞിന് എന്ത് പേരിടുമെന്ന സംശയത്തിലായിരുന്നു ആരാധകർ. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേര് ബോബൻ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബൻ എന്ന് പേരിട്ടത്. അതേ ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്ന് കാത്തിരിപ്പിലായിരുന്നു ആരാധകർ. ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നൽകിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.