ചെന്നൈ സൂപ്പർ കിംഗ്സിനെ ഒറ്ററൺസിന് കീഴടക്കി മുംബയ് ഇന്ത്യൻസ് ഐ.പി.എൽ ചാമ്പ്യന്മാർ
മുംബയ് ഇന്ത്യൻസ് ഐ.പി.എൽ കിരീടം നേടുന്നത് നാലാം തവണ, ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരാകുന്ന ടീം
ഹൈദരാബാദ് : അവസാന പന്തുവരെ ആവേശം അലയടിച്ചുയർന്ന കലാശക്കളിയിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ചെന്നൈ സൂപ്പർകിംഗ്സിനെ ഒരൊറ്റ റൺസിന് കീഴടക്കി മുംബയ് ഇന്ത്യൻസ് തങ്ങളുടെ നാലാം ഐ.പി.എൽ കിരീടവും ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരാകുന്ന ടീമെന്ന റെക്കാഡും സ്വന്തമാക്കി.
ഇന്നലെ ഹൈദരാബാദിൽ നടന്ന ഫൈനലിൽ രോഹിത് ശർമ്മയുടെ മുംബയ് ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്ത് ചെന്നൈയ്ക്ക് നൽകിയത് 150 റൺസിന്റെ ലക്ഷ്യം. എന്നാൽ ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ശാർദൂൽ താക്കൂറിനെ എൽ.ബിയിൽ കുരുക്കി മലിംഗ മുംബയ്ക്ക് വിജയചുംബനം നൽകി. ആസ്ട്രേലിയൻ വെറ്ററൻ ഷേൻ വാട്ട്സണിന്റെ അതിഗംഭീരമായ (59 പന്തിൽ 80 റൺസ് ) ഇന്നിംഗ്സിലൂടെ വിജയം പ്രതീക്ഷിച്ച ചെന്നൈയ്ക്ക് തിരിച്ചടിയായത് അവസാന ഒാവറുകളിലെ ബ്രാവോയുടേയും (15)വാട്ട്സണിന്റെയും താക്കൂറിന്റെയും പുറത്താകലുകളാണ്.
മറുപടിക്കിറങ്ങിയ ചെന്നൈക്ക് ഷേൻ വാട്ട്സന്റെ അർദ്ധസെഞ്ച്വറിയാണ് കരുത്തായത്.ഡുപ്ളെസി (26), റെയ്ന (8), അമ്പാട്ടി (1), ധോണി (2) എന്നിവർ പുത്തായപ്പോഴും വാട്ട്സൺ ഉറച്ചു നിന്ന് പോരാടി. ഇടയ്ക്ക് റൺസ് വിട്ടുകൊടുക്കുന്നതിൽ മുംബയ് ബൗളർമാർ പിശുക്കു കാട്ടിയെങ്കിലും മലിംഗയെ 16-ാം ഒാവറിൽ തകർത്തടിച്ച വാട്ട്സൺ ചെന്നൈക്ക് ആത്മവിശ്വാസം നൽകി.ബ്രാവോയുടെ പിന്തുണയും കൂടിയായപ്പോൾ ലക്ഷ്യത്തിലേക്കടുത്തു.പക്ഷേ 19-ഒാവറിൽ ബുംറ ബ്രാവോയെ പുറത്താക്കി മുംബയ്യെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജയത്തിന് നാലുറൺസകലെ വാട്ട്സൺ പുറത്തായതോടെ കളിയുടെ വിധി മാറിപ്പോയി.
25 പന്തിൽ മൂന്ന് വീതം ഫോറും സിക്സുമടിച്ച് 21 റൺസുമായിപുറത്താകാതെ നിന്ന കരീബിയൻ ബാറ്റ്സ്മാൻ കെയ്റോൺ പൊള്ളാഡാണ് മുംബയുടെ ടോപ് സ്കോറർ. ഡികോക്ക് (29), രോഹിത് ശർമ്മ (15), സൂര്യകുമാർ യാദവ് (15), ഇശാൻ കിഷൻ ('23(, ക്രുനാൽ പാണ്ഡ്യ (7) ഹാർദിക് പാണ്ഡ്യ (16) എന്നിവർക്ക് മികച്ച ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സാധിക്കാതെ പോയതോടെയാണ് മുംബയ് 149 ലൊതുങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ ദീപക് ചഹറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ ശാർദ്ദൂൽ താക്കൂറും ഇമ്രാൻ താഹിറുമാണ് രോഹിത് ശർമ്മയുടെ ടീമിനെ നിയന്ത്രിച്ചുനിറുത്തിയത്.
ടോസ് നേടിയ മുംബയ് ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക അഞ്ചാം ഓവറിൽ ശാർദ്ദൂലിനെ സിക്സിന് പറത്തിയതിന് പിന്നാലെ ഡികോക് പുറത്താവുകയും ചെയ്തു. ബൗൺസ് ചെയ്ത പന്ത് വീശിയടിക്കാനുള്ള ഡികോക്കിന്റെ ശ്രമം ധോണിയുടെ കൈയിലൊതുങ്ങുകയായിരുന്നു ഇതോടെ മുംബയ് 45/1 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിൽ ഇതേ സ്കോറിൽ നായകൻ രോഹിതും (15) കൂടാരം കയറിയതോടെ മുംബയ്ക്ക് സമ്മർദ്ദമായി. ദീപക് ചഹറിനായിരുന്നു രോഹിതിന്റെ വിക്കറ്റ്. ക്യാച്ച് ധോണിക്കും. തുടർന്ന് ആദ്യ ക്വാളിഫയറിലെ ഹീറോ സൂര്യകുമാർ യാദവും (15) ഇശാൻ കിഷനും ക്രീസിൽ ഒരുമിച്ചു. ഇരുവരും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ അടുത്ത പ്രഹരവുമായെത്തി. 12-ാം ഓവറിൽ ടീം സ്കോർ 82 ൽ നിൽക്കെ ഇമ്രാൻ സൂര്യകുമാറിനെ ബൗൾഡാക്കി. 13-ാം ഓവറിൽ ക്രുനാൽ പാണ്ഡ്യയെ (7) ശാർദ്ദൂൽ താക്കൂർ റിട്ടേൺ ക്യാച്ചെടുക്കുകയും ചെയ്തതോടെ മുംബയ് 89/4 എന്ന നിലയിലായി.
ഐ.പി.എൽ അവാർഡ്സ്
മാൻ ഒഫ് ദ ഫൈനൽ : ജസ്പ്രീത് ബുംറ
മോസ്റ്റ് വാല്യുവബിൾ പ്ളേയർ : ആന്ദ്രേ റസൽ
എമർജിംഗ് പ്ളേയർ : ശുഭ്മാൻ ഗിൽ
ക്യാച്ച് ഒഫ് ദ ടൂർണമെന്റ് : പൊള്ളാഡ്
ഒാറഞ്ച് ക്യാപ്പ് : ഡേവിഡ് വാർണർ
പർപ്പിൾ ക്യാപ്പ് : ഇമ്രാൻ താഹിർ
ഐ.പി.എൽ കീപ്പിംഗിൽ ധോണി
l ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി.
l ഇന്നലെ രണ്ട് ക്യാച്ചുകളെടുത്ത ധോണി ഐ.പി.എല്ലിൽ ആകെ 132 പുറത്താക്കലുകളിൽ (94 ക്യാച്ചുകൾ 38 സ്റ്റംപിംഗ്സ്) പങ്കാളിയായി.
l 131പുറത്താക്കലുകളിൽ പങ്കാളിയായ ദിനേഷ് കാർത്തികിനെയാണ് ധോണി മറികടന്നത്.