bjp

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 2014ലേതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കുമെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മോദിയുടെ ഇമേജും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. .

2014ൽ നേടിയതിനേക്കാൾ 55 സീറ്റുകൾ ബി.ജെ.പി അധികം നേടും എന്നാണ് അമിത് ഷായുടെ പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുളള 543 ലോക്‌സഭാ സീറ്റുകളിൽ 282 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഇക്കുറി അതിലും മികച്ച വിജയമുണ്ടാകുമെനനാണ് അമിത് ഷായുടെ പ്രതീക്ഷ.. സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഇക്കുറി ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം തികയ്ക്കാൻ സാധിക്കും. സാധിക്കും. ബി.ജെ.പിക്ക് പൊതുവേ ശക്തിയില്ലാത്ത കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് ഇത്തവണ മികച്ച വിജയം നേടിത്തരുമെന്നാണ് കണക്കുകൂട്ടൽ.

പശ്ചിമ ബംഗാളിൽ ആകെയുളള 42 ലോക്സഭാ സീറ്റുകളിൽ 23 എണ്ണം ബി.ജെ.പി നേടുമെന്ന് അമിത് ഷാ പറയുന്നു. നിലവിൽ ബി.ജെ.പിക്ക് ഇവിടെ വെറും രണ്ട് സീറ്റുകൾ മാത്രമാണ് ഉളളത്. തൃണമൂൽ കോൺഗ്രസാണ് കഴിഞ്ഞ തവണ സംസ്ഥാനത്ത് വൻ നേട്ടമുണ്ടാക്കിയത്. ഒഡിഷയിലെ ആകെയുളള 21 ലോക്സഭാ സീറ്റുകളിൽ 13 മുതൽ 15 വരെ സീറ്റുകളാണ് ബി.ജെ.പിക്ക് അമിത് ഷാ കണക്ക് കൂട്ടുന്നത്. നിലവിൽ ഇവിടെ വെറും ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്കുള്ളത്

2014ൽ ബിജെപിക്ക് നഷ്ടപ്പെട്ട 120 സീറ്റുകളിൽ ഇത്തവണ വിജയ സാദ്ധ്യത ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. അതിൽ 55ൽ വിജയം ഉറപ്പാണ്. ഉത്തർ പ്രദേശിൽ ഇത്തവണ കൂറ്റൻ വിജയം ബി.ജെ.പി നേടുമെന്നും ഷാ പറഞ്ഞു. ആകെയുളള 80ൽ 73 സീറ്റുകളും ബി.ജെ.പി തൂത്തുവാരും. ഉത്തർപ്രദേശിലെ ജനവികാരം മായാവതിക്കും അഖിലേഷിനും ഒപ്പം അല്ലെന്നും അത് മോദിക്ക് ഒപ്പമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിന് ശേഷം സർക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് പുറത്ത് നിന്ന് സഹായം വേണ്ടി വരില്ല. തനിച്ച് തന്നെ ഭരിക്കാനുളള ഭൂരിപക്ഷം ബി.ജെ.പി നേടും. തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുളള ടി.ആർ.എസിനും ഒഡിഷയിൽ നവീൻ പട്നായികിന്റെ നേതൃത്വത്തിലുളള ബി.ജെ.ഡിക്കും എൻ.ഡി.എയിലേക്ക് സ്വാഗതമുണ്ടെന്നും അമിത് ഷാ പറഞ്ഞു.