തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ബിസ്ക്കറ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 കിലോഗ്രാം സ്വർണ്ണവുമായി രണ്ടുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. തിരുമല സ്വദേശി സുനിലിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയുമാണ് പിടികൂടിയത്. ഇന്ന് രാവിലെ മസ്ക്കറ്റിൽ നിന്നെത്തിയ ഒമാൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.
വസ്ത്രങ്ങൾക്കുള്ളിലും ശരീരത്തും ലഗേജുകൾക്കുളളിലും ഒളിപ്പിച്ച് കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. എട്ടുകോടിയോളം രൂപ ഇതിന് വിലവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഡി.ആർ.ഐയുടെയും കസ്റ്റംസിന്റെയും ഉന്നത ഉദ്യോഗസ്ഥർ സുനിലിനെയും കൂട്ടാളിയേയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയമുള്ളതായി കസ്റ്റംസ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് ബിസ്ക്കറ്റ് രൂപത്തിലാക്കിയ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ വിമാനത്താവളത്തിലെ എ.സി മെക്കാനിക്കിനെയും ഒരു യാത്രക്കാരനെയും കസ്റ്റംസ് പിടികൂടിയിരുന്നു.