ബെംഗളൂരു: മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ശർളയ്‌ക്ക് ഇരട്ട പെൺകുഞ്ഞുങ്ങൾ പിറന്നു. ബെംഗളൂരുവിലെ ക്ലൗഡ് നയൻ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 9.21ഓടെയാണ് 46കാരിയായ ഇറോമിന് ഇരട്ടക്കുട്ടികൾ പിറന്നത്. ഒരുമിനുട്ടിന്റെ വ്യത്യാസത്തിൽ പിറന്നുവീണ കുഞ്ഞുങ്ങൾക്ക് നിക്‌സ് ഷാഖി, ഓട്ടം താര എന്നാണ് പേരുകളാണ് നൽകിയിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു.
സിസേറിയൻ ആയതിനാൽ ചെറിയ അസ്വസ്ഥതകള്‍ ഇറോമിനുണ്ട്. കുട്ടികളുടേയും അമ്മയുടേയും ചിത്രം വൈകാതെ പുറത്തുവിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അടുത്തയാഴ്ചയായിരുന്നു പ്രസവം പ്രതീക്ഷിച്ചിത്. എന്നാൽ, മാതൃദിനത്തിൽതന്നെ കുഞ്ഞുങ്ങൾ പിറന്നത് ഏറെ യാദൃശ്ചികമാണെന്നും ഇറോമും ഭർത്താവ് ഡെസ്‌മോണ്ട് കുടിഞ്ഞോയും ഏറെ സന്തോഷത്തിലാണെന്നും ഇറോമിന്റെ ഡോക്ടർ ശ്രീപാദ വിനേകർ പറഞ്ഞു.
2017ലാണ് ബ്രിട്ടീഷ് പൗരൻ ഡെസ്‌മോണ്ട് കുട്ടിനോവിനെ ഇറോം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം നടന്നത്. നേരത്തെ പതിനാറ് വർഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ച് ഇറോം ശർമിള രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയിരുന്നു. പീപ്പിൾസ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.