modi

തിരുവനന്തപുരം: ബാലാക്കോട്ട് ഭീകരാക്രണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിൽ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. പുൽവാമയിൽ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പകരംവീട്ടാനായി പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മോശമായ കാലാവസ്ഥയിൽ ആക്രമണം നടത്തണോ എന്ന് സംശയിച്ചിരിക്കുമ്പോൾ മഴമേഘങ്ങളുള്ളപ്പോൾ പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമല്ലോ എന്ന് നിർദേശിച്ചത് താനാണെന്ന് മോദി പറഞ്ഞിരുന്നു.

ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. "ഗോമൂത്രം കൊണ്ട് കാൻസർ ഭേദമാകുമെന്നും കുരുക്ഷേത്രയുദ്ധത്തിൽ ഇന്റർനെറ്റ് ഉപയോഗിച്ചെന്നും പറയുന്ന വിവരദോഷികൾ ഈ രാജ്യത്തെ കുരുതി കൊടുക്കുമെന്നതിന് ഇതിൽപ്പരം തെളിവ് വേണോ. കാവൽക്കാരൻ കള്ളൻ മാത്രമല്ല പമ്പരവിഡ്ഢി കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു"-അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Wah! മോദി ജി Wah!
............................

മേഘങ്ങൾക്കിടയിൽ പതുങ്ങിയിരിക്കുന്ന ഇന്ത്യൻ വ്യോമസേന വിമാനം. പാക്കിസ്ഥാൻ റഡാറുകൾ ഇരുട്ടിൽ തപ്പി....

ഇത്ര പ്രതിഭാശാലിയായ പ്രധാനമന്ത്രി നമുക്കല്ലാതെ മറ്റാർക്കുണ്ട് !
മോദി ജി ആവശ്യത്തിന് ഉറങ്ങാറില്ലേ എന്ന് പ്രസിഡൻറ് ഒബാമ ചോദിച്ചതിന്റെ കാരണം ഇപ്പോഴല്ലേ പിടി കിട്ടിയത്.

ഇത്തരം എന്തെങ്കിലുമൊക്കെ അദ്ദേഹത്തോടും വച്ചു കാച്ചിക്കാണണം.....

കളിപ്പാട്ടവുമായി നിൽക്കുന്ന കൊച്ചു കുട്ടിയെപ്പോലെ ബലിസ്റ്റിക് മിസൈലുമായി നിൽക്കുന്ന മറ്റൊരു നേതാവിന്റെ ചിത്രമേ നമ്മൾ അടുത്തിടെ കണ്ടിട്ടുള്ളൂ. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആണത്.

അതുപോലെ തന്നെയാണ് മോശം കാലാവസ്ഥയിലും വിമാനം പറപ്പിക്കാൻ വ്യോമസേന പൈലറ്റിനെ നിർബന്ധിതനാക്കുന്ന പ്രധാനമന്ത്രി.

തന്റെ രാഷ്ട്രീയ നേട്ടത്തിന് സൈനികരെ കൊലയ്ക്കു കൊടുക്കാൻ മടിയില്ലെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നു ഈ ഏകാധിപതി.

പ്രധാനപ്പെട്ട ഒരു സൈനിക ഓപ്പറേഷൻ പോലും തവള കരഞ്ഞാൽ മഴ പെയ്യുമെന്ന് പറയുന്ന അറിവിന്റെ അടിസ്ഥാനത്തിലായെങ്കിൽ ഈ രാജ്യത്തിന്റെ ഭരണനിർവഹണം എവിടെ നിൽക്കുന്നു?

എയർ മാർഷൽ പോലും തിരുവായ്ക്ക് എതിർവാ പറയാൻ ഭയക്കുന്നോ ?

മോശം കാലാവസ്ഥ റഡാറിനല്ല ഓപ്പറേഷന്റെ കൃത്യതയ്ക്കാണ് വെല്ലുവിളിയെന്ന് പറയാൻ ആർക്കും ധൈര്യം വന്നില്ലേ ?

ബാലാക്കോട്ട് ആക്രമണം അന്നു തന്നെ വേണമെന്ന് മോദി ശഠിച്ചത് എന്തിന് ?

തിരഞ്ഞെടുപ്പ് നേട്ടത്തിന് സൈന്യത്തെ ഉപയോഗിക്കുക എന്ന കുബുദ്ധിക്ക് സൈനിക നേതൃത്വവും വഴങ്ങിയെങ്കിൽ നമ്മുടെ രാജ്യസുരക്ഷയാണ് അപകടത്തിലാകുന്നത്.

ഗോമൂത്രം കൊണ്ട് കാൻസർ ഭേദമാകുമെന്നും കുരുക്ഷേത്രയുദ്ധത്തിൽ ഇന്റർനെറ്റ് ഉപയോഗിച്ചെന്നും പറയുന്ന വിവരദോഷികൾ ഈ രാജ്യത്തെ കുരുതി കൊടുക്കുമെന്നതിന് ഇതിൽപ്പരം തെളിവ് വേണോ .

കാവൽക്കാരൻ കള്ളൻ മാത്രമല്ല പമ്പരവിഡ്ഢി കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

ബാലനരേന്ദ്രൻ മുതലയെ പിടിച്ച കഥ കേട്ട് പുളകിതരായ ഭക്ത ജനങ്ങളെ, നിങ്ങൾക്ക് രോമാഞ്ചമുണ്ടാക്കാൻ ഇതാ "ഓപ്പറേഷൻ റഡാർ മോദിയും....”

ആഘോഷിച്ചാലും......😁