modi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സീറ്റ് ചർച്ചകളും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും ഡൽഹിയിൽ സജീവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ വ്യക്തമായ രാഷ്ട്രീയ ചലനങ്ങളൊന്നും പ്രകടമല്ലാത്തതിനാൽ ആർക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിക്കാൻ രാഷ്ട്രീയ നിരീക്ഷകർ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങൾക്ക് എത്ര സീറ്റ് കിട്ടുമെന്ന അവകാശവാദം നടത്താൻ രാഷ്ട്രീയ പാർട്ടികൾക്കും തയ്യാറായിട്ടില്ല. എന്നാൽ രണ്ടാമൂഴം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പോരിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ, ഭരണത്തിൽ തുടരാനാവുമെന്നാണ് പുതിയ വിലയിരുത്തൽ. പക്ഷേ, കഴിഞ്ഞ തവണത്തെ പോലെ 250ന് മുകളിൽ സീറ്റുകൾ ബി.ജെ.പി പിടിക്കണം, 220 സീറ്റുകളെങ്കിലും പിടിക്കാനായാൽ കസേരയിൽ തുടരാം. അതിലും താണാൽ പ്രതിപക്ഷ നിരയിലേക്ക് ചേക്കാറാനായിരിക്കും നരേന്ദ്ര മോദിയെന്ന ബി.ജെ.പിയിലെ അതികായന്റെ വിധി.

ബി.ജെ.പിയുടെ മുന്നിലുള്ള സാധ്യതകൾ ഇങ്ങനെ...

modi

250 പ്ളസ്

2014-ലെപ്പോലെ ബി.ജെ.പി ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷത്തോളമടുക്കുന്ന സീറ്റ് നേടുമെന്ന് ഇക്കുറി അമിത് ഷാ പോലും പറയില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും കർഷക പ്രക്ഷോഭങ്ങളും തൊഴിലില്ലായ്‌മയും ചേർന്ന് ബി.ജെ.പിയുടെ സാദ്ധ്യതകളെ പിന്നാക്കം വലിക്കുമ്പോൾ മോദി പ്രഭാവത്തിന് പഴയ തിളക്കമില്ല. മോദിയുടേത് ഊതിപ്പെരുപ്പിച്ച ഇമേജ് മാത്രമെന്ന് വലിയൊരു വിഭാഗം വിലയിരുത്തുന്നു. പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത മിന്നലാക്രമണത്തിന്റെ ചങ്കൂറ്റവും ദേശസുരക്ഷ മുഖ്യ പ്രചാരണ വിഷയമാക്കിയതുകൊണ്ട് കിട്ടാവുന്ന പിന്തുണയും പ്രതീക്ഷ.

ബി.ജെ.പി തനിച്ച് എത്ര സീറ്റ് നേടും എന്നത് ആധാരമാക്കിയാകും തുടർ സാഹചര്യം. ബി.ജെ.പിക്ക് സ്വന്തം അക്കൗണ്ടിൽ 250 സീറ്രിലധികം നേടാനായാൽ മോദി പ്രധാനമന്ത്രിയായി എൻ.ഡി.എയുടെ രണ്ടാം സർക്കാരിന് തടസ്സമുണ്ടാകില്ല.

modi

220 പ്ളസ്

ഇരുന്നൂറ്റി ഇരുപതിനോടടുത്ത് സീറ്റ് ലഭിച്ചാലും ബി.ജെ.പിക്ക് കാര്യമായ തരക്കേടുണ്ടാകില്ല. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് വേണ്ടിടത്ത് കഴിഞ്ഞ തവണ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും കൂടി ഉണ്ടായിരുന്നത് 341 സീറ്റാണ്. യു.പി.എ-യെ നയിക്കുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയത് വെറും 45 സീറ്റ്.

യു.പിയിലെയും ബീഹാറിലെയും പ്രാദേശിക സഖ്യങ്ങളും ഗുജറാത്ത്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തി പ്രകടിപ്പിക്കുന്നതും ഇക്കുറി ബി.ജെ.പിയുടെ സീറ്റ് കുറച്ചേക്കും. ഹിന്ദി ബെൽറ്റിലെ ഈ നഷ്‌ടം പശ്ചിമ ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അധിക സീറ്റുകൾ കൊണ്ട് മറികടക്കാനാവില്ല. സീറ്റ് 220-ലും കുറയുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് സഖ്യത്തിനു പുറത്ത് ടി.ആർ.എസ്, വൈ.എസ്.ആർ, ബി.ജെ.ഡി ഉൾപ്പെടെയുള്ളവരിൽ നിന്ന് പിന്തുണ തേടേണ്ടിവരും.

modi

140 പ്ളസ്

ബി.ജെ.പിക്ക് സീറ്റ് 140-ലും കുറഞ്ഞാൽ, കോൺഗ്രസും മറ്റു കക്ഷികളും ഈ തിരഞ്ഞെടുപ്പിൽ നിർണായകമായ അളവിൽ സീറ്ര് കൈപ്പിടിയിലാക്കുമെന്ന് അർത്ഥം. പ്രാദേശിക കക്ഷികളുടെ കൂടി പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തുന്ന ഈ സാഹചര്യത്തിൽ ബി.ജെ.പിക്ക് പ്രതിപക്ഷത്തിരിക്കാനേ യോഗമുണ്ടാകൂ, ബി.ജെ.പി- മോദി മുക്ത കേന്ദ്ര സർക്കാരിനായുള്ള കോൺഗ്രസ് നീക്കത്തിന് കരുത്തു പകരാൻ ദക്ഷിണേന്ത്യൻ സംസ്ഥാന പാർട്ടികളിൽ പലരുടെയും പിന്തുണയുണ്ടാകും.