കട്ടപ്പന: എട്ടു വയസുള്ള പെൺകുട്ടിയെ മർദിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. ഉപ്പുതറ പത്തേക്കർ കുന്നേൽ അനീഷ് (34) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ അനീഷിനെ കോടതി റിമാൻഡ് ചെയ്‌ത് പീരുമേട് സബ് ജയിലിലേക്കയച്ചു. മൂന്ന് പെണ്മക്കളോടൊപ്പം താമസിക്കുന്ന യുവതിയുടെ എട്ടു വയസുകാരിയായ മൂത്ത മകളെയാണ് അനീഷ് ചൂരൽ വടി കൊണ്ട് ദയയില്ലാതെ തല്ലിയത്. അനീഷ് വീട്ടിൽ വരുന്ന കാര്യം അച്ഛനെ അറിയിക്കുമെന്ന് കുട്ടി പറഞ്ഞതിനെ തുടർന്നായിരുന്നു മർദനം. കുട്ടിയെ അനീഷ് തല്ലിയതായി അച്ഛന്റെ സഹോദരിയാണ് പൊലീസിൽ പരാതി നൽകിയത്.
തളർവാതം പിടിച്ച് കിടപ്പിലായ ഭർത്താവിൽ നിന്നും യുവതി മൂന്ന് പെണ്മക്കൾക്കൊപ്പം മാറി താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങി കഴിയുന്ന അനീഷ് കഴിഞ്ഞ ഒരു വർഷമായി ഇവർക്കൊപ്പമാണ് താമസം. കുട്ടിയെ അനീഷ് ഉപദ്രവിക്കുന്നത് കണ്ടിട്ടും അമ്മ അയാളെ തടയുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ല. അനീഷ് യുവതിയുടെയും മക്കളുടെയും കൂടെ താമസിക്കുന്നത് പല തവണ എതിർത്തിരുന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ അറിയിച്ചു.
അനീഷ് വീട്ടിൽ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. എതിർത്തപ്പോളാണ് അനീഷ് ചൂരൽ വടി കൊണ്ടാണ് കുട്ടിയെ മർദിച്ചത്. മർദനം സഹിക്കാതെ വന്നപ്പോൾ കുട്ടി അച്ഛന്റെ സഹോദരികളെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ അമ്മയുടെ പരാതിയിൽ ആണ് ഉപ്പുതറ പൊലീസ് കേസ് എടുത്തത്. കുട്ടിയുടെ മൊഴിയിലും, വൈദ്യപരിശോധനയിലും മർദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. അമ്മക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.