കോട്ടയം: ഒരു പൂവൻ കോഴിയ്‌ക്ക് എത്ര വിലവരും? അഞ്ഞൂറ്...ആയിരം എന്നൊക്കെ പറയാൻ വരട്ടെ നട്ടാശ്ശേരി പൊൻപള്ളിക്കാർ കേൾക്കണ്ട. കാരണം കഴിഞ്ഞദിവസം അവിടെയൊരു ലേലം നടന്നു. വെറും ലേലമല്ല, ഒരൊന്നൊന്നര ലേലം എന്നുതന്നെ പറയാം. ലേലത്തിൽ പിടിച്ച പൂവൻ കോഴിയുടെ വിലയെത്രയെന്നോ? ഒരുലക്ഷത്തി പതിനായിരം രൂപ. ഇതെന്താ വല്ല പൊന്നും കോഴിയാണോ എന്നൊക്കെ ചിന്തിക്കാൻ വരട്ടെ, ശരിക്കും പൊന്നും കോഴിതന്നെയാണ് ടിയാൻ.
നട്ടാശേരി പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ ലേലത്തിലാണ് കോഴി ലക്ഷം ക്ലബിൽ ഇടം പിടിച്ചത്. പെരുന്നാളിന് ആദ്യം ലേലം വിളിക്കുന്ന കോഴിയെ പൊന്നുംകോഴി എന്നാണ് വിളിക്കുന്നത്. കോയമ്പത്തൂരിൽ കെട്ടിടനിർമാണ മേഖലയിൽ സ്ഥാപനം നടത്തുന്ന മനോജ് ജോസഫാണ് കോഴിയെ ലേലത്തിൽ വാങ്ങിയത്. കഴിഞ്ഞ 18 വർഷങ്ങളായി മനോജാണ് പൊന്നുംകോഴിയെ വാങ്ങുന്നതെന്ന് ട്രസ്റ്റി അനിൽ കെ. കുര്യൻ പറയുന്നു.
മുൻ വർഷങ്ങളിലും ശക്തമായ ലേലം വിളികൾ നടന്നിട്ടുണ്ടെങ്കിലും ഒരുലക്ഷം കടക്കുന്നത് ആദ്യമായാണ്. 500 രൂപ വില വരുന്ന നാടൻ പൂവൻകോഴിയെയാണ് ഒരു ലക്ഷം രൂപയ്ക്ക് വിറ്റത്.