തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെപ്പോലെ തന്നെ കഴിഞ്ഞ ദിവസം നടന്ന തൃശൂർ പൂര വിളമ്പരത്തിൽ താരങ്ങളായ രണ്ട് പേരാണ് തൃശൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയും ജില്ലാ കളക്‌ടർ ടി.വി.അനുപമയും. കഴിഞ്ഞ രാത്രി ഇരുവരും ചേർന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി തെക്കേ ഗോപുരനടയിൽ പരിശോധന നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശ്രീലങ്കയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
അതേസമയം,കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പൂരനഗരി പൊലീസ് നിയന്ത്രണത്തിലായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവ് പ്രമാണിച്ച് കനത്ത സുരക്ഷയായിരുന്നു. രാവിലെ തന്നെ അഞ്ഞൂറോളം പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, എ.സി.പി വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം ഒരുക്കുന്നത്. ഇന്നലെ വൈകീട്ട് ഉണ്ടായ ശക്തമായ തിരക്കിലും ജനങ്ങൾക്ക് അധികം ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്.
തണ്ടർബോൾട്ട് കമാൻഡോകളും എൻ.ഡി.ആർ.എഫും സുരക്ഷാ ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. 3500 ഓളം പൊലീസാണ് ഇത്തവണ പൂരം സുരക്ഷാ ഡ്യൂട്ടിക്കായി എത്തിയത്. ഇതിന് പുറമേ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. ഘടക ക്ഷേത്രങ്ങളിലേതുൾപ്പെടെ എല്ലാ പൂരങ്ങളുടെയും എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ഗജവീരന്മാർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.
എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ആനകൾക്കൊപ്പം എസ്.ഐ ഉൾപ്പെടെ എട്ട് പൊലീസുകാർ സുരക്ഷയ്ക്കായി ഡ്യൂട്ടിക്കുണ്ടാകും. പൂരം ദിവസങ്ങളിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് ശേഷം മാത്രമേ വടക്കുന്നാഥ ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് ജനങ്ങളെ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പടിഞ്ഞാറെ ഗോപുര നടയിലും, കിഴേക്കെ ഗോപുര നടയിലും അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
കുടമാറ്റം നടക്കുന്ന തെക്കെ ഗോപുര നടയിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കും. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി തെക്കെഗോപുര നടയിൽ പ്രത്യേക പൊലീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് ബൈനോക്കുലർ നീരീക്ഷണം ഏർപ്പെടുത്തി. തീരദേശ മേഖലകളിൽ ഉപയോഗിക്കുന്ന ബൈനോക്കുലറാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്...