യാംഗൂൺ: ലാന്റിംഗിനിടെ സാങ്കേതിക തകരാറുണ്ടായ വിമാനം മൂക്കുകുത്തി നിലത്തിറക്കി. വിമാനത്തിന്റെ ചക്രങ്ങൾ ജാമായതിനെ തുടർന്ന് അതിസാഹസികമായാണ് പെെലറ്റ് ലാന്റിംഗ് നടത്തിയത്. യാംഗൂണിൽനിന്ന് മാൻഡലയ് വിമാനത്താവളത്തിലേക്ക് എത്തിയ മ്യാൻമർ നാഷനൽ എയർലൈൻസിന്റെ എംബ്രയർ 190 വിമാനമാണു സാഹസികമായി ലാൻഡിംഗ് നടത്തിയത്. 89 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
റൺവേയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് വിമാനത്തിന്റെ മുന്നിലെ ചക്രങ്ങൾ പ്രവർത്തനരഹിതമാണെന്ന് പൈലറ്റ് തിരിച്ചറിയുന്നത്. ഇതേതുടർന്ന് പൈലറ്റ് അടിയന്തര ലാൻന്റിംഗിന് അറിയിപ്പു നൽകി. ശേഷം അധിക ഇന്ധനം പുറത്തേക്കു തള്ളി വിമാനത്തിന്റെ ഭാരം കുറച്ചു. തുടർന്ന് ലാന്റിംഗ് നടത്തുകയായിരുന്നു.
നിലത്തേക്കിറക്കിയ വിമാനത്തിന്റെ മൂക്കു നിലത്തു മുട്ടുന്നതിനു മുൻപ് പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ചു. വിമാനം റൺവേയിൽനിന്ന് അൽപം തെന്നി മാറിയെങ്കിലും സുരക്ഷിതമായി യാത്രക്കാരെ പുറത്തിറക്കാൻ കഴിഞ്ഞു. ക്യാപ്റ്റൻ മിയാത് മൊയ് ഒംഗിന്റെ ധൈര്യമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. ക്യാപ്റ്റൻ മിയാതിന് ആശംസയുമായി നിരവധി പേരാണെത്തിയത്.