booth-capture

ഫരീദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തിനുള്ളിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോളിംഗ് ഓഫീസർ അറസ്‌റ്റിലായി. ബൂത്തിനുള്ളിൽ വോട്ടർമാരെ സ്വാധീനിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് ഡൽഹിയിൽ നിന്നുള്ള പോളിംഗ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം അറസ്‌റ്റ് ചെയ്‌‌തത്.

ഫരീദാബാദിലെ പ്രിത്‌ല ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ബൂത്തിനുള്ളിൽ ഇരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥൻ സ്ത്രീ വോട്ടർമാർ എത്തുമ്പോൾ വോട്ടിംഗ് യന്ത്രത്തിനടുത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഓരോ വോട്ടമാർരും എത്തുമ്പോൾ നീല ടീ ഷർട്ട് ധരിച്ച ഇയാൾ യന്ത്രത്തിനടുത്തേക്ക് ചെല്ലുന്നതും എന്തോ ചെയ്യുന്നതും വ്യക്തമാണ്. ഏതാണ്ടെല്ലാ സ്ത്രീകളും എത്തുമ്പോൾ ഇയാൾ ഇക്കാര്യം ചെയ്യുന്നുമുണ്ട്. ബൂത്തിൽ വേറെയും ഉദ്യോഗസ്ഥരുണ്ടെങ്കിലും അവരാരും തന്നെ ഇയാളെ തടയാൻ ശ്രമിക്കുന്നില്ല. എന്നാൽ വിവാദ ഉദ്യോഗസ്ഥന്റെ അടുത്തിരുന്നയാൾ തന്റ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലാവുകയായിരുന്നു.

അതേസമയം, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ഹരിയാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തുടർന്ന് ഇയാൾക്കെതിരെ കർശന നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥൻ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഹരിയാന തിരഞ്ഞടുപ്പ് കമിഷനും സ്ഥിരീകരിച്ചു. ഇയാൾക്കെതിെര ഉചിതമായ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകനോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ ഇത് ബാധിച്ചിട്ടില്ലെന്നും കമിഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥനെതിരെ ബൂത്ത് പിടിത്തത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.