-kamal-hasan

ചെന്നെെ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽ ഹാസൻ പറഞ്ഞു. ചെന്നെെയിൽ നടന്ന പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡെസെയെ പരാമർശിച്ചുകൊണ്ടാണ് കമൽഹാസന്റെ അഭിപ്രായ പ്രകടനം.

'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സെ എന്നാണ്'- കമൽ ഹാസൻ പറഞ്ഞു. "മുസ്ലിം ഭൂരിപക്ഷപ്രദേശമായതുകൊണ്ടല്ല താൻ ഇതു പറയുന്നത്. ഗാന്ധിജിയുടെ പ്രതിമയ്‌ക്ക് മുന്നിൽ നിന്നുകൊണ്ടാണ് ഞാൻ പറയുന്നത്. ഞാൻ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്റെ മരണത്തിൽ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണെന്നും,​ ഒരു നല്ല ഇന്ത്യക്കാരൻ അവന്റെ രാജ്യം സമാധാന പൂർണമാകണമെന്നും എല്ലാവരും തുല്യതോടെ ജീവിക്കണമെന്നും ആഗ്രഹിക്കും"- കമൽ ഹാസൻ കൂട്ടിച്ചേർത്തു.

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അണ്ണാ ഡി.എം.കെയും ഡി.എം.കെയും പരാജയപ്പെട്ടെന്ന് കമൽ ഹാസൻ പറഞ്ഞു. ഭരണക്ഷിയായ അണ്ണാ ഡി.എം.കെയ്‌ക്കും പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെയ്ക്കും എതിരായ രാഷ്ട്രീയവിപ്ലവത്തിന്റെ മുനയിലാണ് തമിഴ്നാട്. രണ്ട് ദ്രാവിഡ പാർട്ടികളും കറകളഞ്ഞ് മുന്നോട്ടു വരില്ലെന്നും അവർ പിഴവുകളിൽ നിന്ന് പഠിക്കില്ലെന്നും താരം പറഞ്ഞു.