rahul-

ന്യൂഡൽഹി: ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ തഴക്കം വന്ന നേതാവായി വളർന്നയാളാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പപ്പുവെന്ന് പ്രതിപക്ഷവും പാർട്ടിയിലെ തന്നെ ഒരു വിഭാഗവും കളിയാക്കി വിളിച്ചിരുന്ന അവസ്ഥയിൽ നിന്നും ശക്തനായ നേതാവിലേക്ക് രാഹുലിന്റെ വളർച്ച അത്ഭുതം തന്നെയാണ്. യു.പി.എ അദ്ധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധിയുടെ പിന്നിൽ ഒളിച്ചിരുന്ന രാഹുൽ കോൺഗ്രസിലെ അധികാരത്തെ മുഴുവൻ തന്നിലേക്ക് ആവാഹിച്ചത് ഒരു പക്ഷേ എതിരാളികളെപ്പോലും അതിശയിപ്പിച്ചിട്ടുണ്ടാകാം. എന്നാൽ നരേന്ദ്ര മോദിക്ക് പകരം രാഹുൽ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. നരേന്ദ്ര മോദിക്ക് ഒരു പകരക്കാരൻ ഉണ്ടെങ്കിൽ അത് രാഹുലായിരിക്കുമെന്ന തരത്തിൽ വിവിധ സർവേകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് എന്തൊക്കെ സാധ്യതകൾ ഉണ്ടെന്ന് അറിയാമോ?

rahul-

150 പ്ളസ്

2014-ൽ 45 സീറ്റ് മാത്രം നേടിയ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ 150 സീറ്റ് എന്ന ഗോപുരപ്രതീക്ഷയിലേക്ക് എത്തുമോ എന്ന് കാത്തിരുന്നു കാണണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ വികാരം അത്രത്തോളം ശക്തമാണെന്നാണ് ഈ സാഹചര്യത്തിന് അർത്ഥം. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികൾക്ക് എല്ലാവർക്കും കൂടി ലോക്‌സഭയിൽ 204 ആയിരുന്നു അംഗബലം. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഛത്തിസ്ഗഢ്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം കാര്യമായ മുന്നേറ്റമുണ്ടാക്കാനായെങ്കിലേ കോൺഗ്രസിന്റെ ഈ സ്വപ്‌നം ഫലം കാണൂ. അങ്ങനെ സംഭവിക്കുന്നെങ്കിൽ രാഹുൽ പ്രധാനമന്ത്രിയായേക്കും.

rahul-

120 പ്ളസ്

കോൺഗ്രസ് ഏറ്റവും വലിയ ബി.ജെ.പി ഇതര കക്ഷിയാകുന്നെങ്കിൽ, പ്രാദേശിക കക്ഷികളുടെ കൂടി പിന്തുണയോടെ മൂന്നാം യു.പി.എ സർക്കാരിന് വഴി തെളിയും. രാഹുൽ പ്രധാനമന്ത്രിയാകുന്നതിനോട് ടി.എം.സി, ആർ.ജെ.ഡി, ബി.എസ്.പി എന്നീ വലിയ പ്രാദേശിക കക്ഷികൾ എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകം. അതേസമയം, ഇടതു കക്ഷികൾ ഉൾപ്പെടെ മറ്റുളള്ളവർ രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്‌ക്കും.

100 പ്ളസ്

കോൺഗ്രസ് നൂറു സീറ്റിൽ ഒതുങ്ങുകയും, ബി.ജെ.പി ഒരിക്കൽക്കൂടി നിർണായക മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ പോലും കോൺഗ്രസിന് സർക്കാർ രൂപീകരണം സാദ്ധ്യമാകില്ല. കോൺഗ്രസിനും ബി.ജെ.പിക്കും കൂടി ചേർത്ത് 280 സീറ്റ് മാത്രം ലഭിക്കുകയും,

പ്രാദേശിക കക്ഷികൾ ഒരുമിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് പൊതു സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ കോൺഗ്രസിന് ആ നീക്കത്തെ പിന്തുണയ്‌ക്കാനേ കഴിയൂ. 1996-ൽ എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായ മാതൃകയിൽ മൂന്നാംമുന്നണി ഭരണത്തിനുള്ള സാദ്ധ്യത തീരെ ചെറുതല്ല. അപ്പോൾ ഒരു അപ്രതീക്ഷിത പ്രധാനമന്ത്രി അവതരിച്ചേക്കും.

അതേസമയം, പ്രധാനമന്ത്രിപദം വഹിക്കാൻ യോഗ്യനായ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ കരിയർ ഗ്രാഫ് ഉയർന്നതും, പ്രിയങ്കാ ഗാന്ധി പാർട്ടി ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രചാരണരംഗത്ത് സജീവമായിരുന്നതും, ബി.ജെ.പിക്ക് കർഷകരുടെയും സാധാരണക്കാരുടെയും പിന്തുണ കുറഞ്ഞതായ കണക്കുകളും കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ വലിപ്പമേറിയ പ്രതീക്ഷ നൽകുന്നുണ്ട്.