തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്കും തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിലക്ക് നീങ്ങി ഒരു നായകനെ പോലെ രാമചന്ദ്രൻ എഴുന്നള്ളിയതുമെല്ലാം അത്യാവേശത്തോടെയാണ് കേരളം കണ്ടത്. വടക്കുംനാഥന്റെ തെക്കേഗോപുരനട തള്ളി തുറന്ന് പൂരവിളംബരം നടത്തിയ ഗജരാജപ്രമുഖനെ രാമൻ...രാമൻ എന്ന ഭേരി മുഴക്കിയാണ് തിങ്ങി നിറഞ്ഞ ജനസഞ്ചയം സ്വീകരിച്ചത്.
എന്നാൽ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാൽ ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയേണ്ടി വരുമെന്ന് കഴിഞ്ഞദിവസങ്ങളിലൊക്കെ പറഞ്ഞ മന്ത്രി വി.എസ് സുനിൽകുമാർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. വലിയ വിവാദങ്ങളുണ്ടായെങ്കിലും ഞങ്ങൾക്കറിയാമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്നെ നടതുറക്കുമെന്ന് എന്നാണ് ഇന്നലെ മന്ത്രി പ്രതികരിച്ചത്. ഒരു സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുനിൽകുമാറിന്റെ പ്രതികരണം.
'ആദ്യം വെടിക്കെട്ടിന്റെ കാര്യത്തിൽ സുപ്രീം കോടതിയിൽ പോകേണ്ടി വന്നു. കേസ് നടത്തി അതിൽ ക്ളാരിഫിക്കേഷൻ കിട്ടി. അതുകഴിഞ്ഞപ്പോഴാണ് ഓലപ്പടക്കം പൊട്ടിക്കാൻ പാടില്ല എന്നു പറഞ്ഞ് ഉത്തരവ് വന്നത്. അതിലും സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനം കൊണ്ടുവരുന്നതിന് സാധിച്ചു. അപ്പോഴാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിഷയത്തിൽ വലിയ പ്രശ്‌നങ്ങളുണ്ടായത്. ആ വിവാദങ്ങളൊക്കെയുണ്ടായെങ്കിലും ഞങ്ങൾക്കൊക്കെ അറിയാമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്നെ നടതുറക്കുമെന്ന്. ഞങ്ങളെല്ലാവരും കൂടി പരിശ്രമിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്നത് തെച്ചിലക്കോട്ടുകാവ് രാമചന്ദ്രൻ തന്നെ നടതുറക്കണമോ എന്ന് ചോദിച്ചു കഴിഞ്ഞാല്, നടതുറക്കുന്നത് നെയ്‌തലക്കാവ് ഭഗവതിയാണ്. നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പ് കൊണ്ടുവരുന്ന ആന എന്നർത്ഥം മാത്രമേയുള്ളുവെങ്കിലും ഞങ്ങൾ തൃശ്ശൂർക്കാർക്ക് മാത്രമെ അത് മനസിലാവുകയുള്ളൂ'.