ന്യൂഡൽഹി: മേഘങ്ങളുടെ മറപിടിച്ച് പാകിസ്ഥാനെ ആക്രമിക്കാൻ പോർവിമാനങ്ങളെ അയയ്‌ക്കാനുള്ള തീരുമാനം തന്റേതായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ചെറിയ കുട്ടികൾക്ക് പോലും അറിയാവുന്ന ശാസ്ത്ര സത്യങ്ങൾ വളച്ചൊടിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയ്‌ക്ക് അപമാനമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. എന്നാൽ ഒരു സ്വകാര്യ ചാനലിന് നൽകിയ വിവാദ അഭിമുഖത്തിൽ മോദി ഇതിനേക്കാൾ വലിയ അബദ്ധങ്ങൾ വിളമ്പിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 1980 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനിയുടെ ഫോട്ടോ എടുത്തുവെന്നും അത് പിന്നീട് താൻ ഇമെയിൽ ചെയ്‌തെന്നുമാണ് മോദിയുടെ പരാമർശം.
എങ്ങനെയാണ് ഒരു ഗാഡ്‌ജറ്റ് ഫ്രീക്ക് ആയതെന്ന ചോദ്യത്തിന് മോദി നൽകിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സാങ്കേതിക വിദ്യയോടും ഇലക്‌ട്രോണിക് ഉപകരണങ്ങളോടുമുള്ള തന്റെ പ്രണയം ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ തുടങ്ങിയതാണെന്ന് മോദി പറയുന്നു. ടച്ച് സ്ക്രീനിൽ ഉപയോഗിക്കുന്ന സ്‌റ്റൈലസ് പേനകൾ 1990കളിൽ തന്നെ താൻ കൈകാര്യം ചെയ്‌തിരുന്നു. 1987 - 88 കാലഘട്ടത്തിൽ തന്നെ താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അക്കാലത്ത് ഡിജിറ്റൽ ക്യാമറകൾ ആരെങ്കിലും ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമല്ല. ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി അഹമ്മദാബാദിൽ എത്തിയപ്പോൾ താൻ അദ്ദേഹത്തിന്റെ ഫോട്ടോ എടുത്തു. പിറ്റേ ദിവസം തന്നെ അത് അദ്ദേഹത്തിന് അയച്ചു കൊടുത്തു. തന്റെ കളർ പ്രിന്റിലുള്ള ഫോട്ടോ കണ്ട അദ്വാനി അമ്പരന്നതായും മോദി അവകാശപ്പെടുന്നു.
അതേസമയം, മോദിയുടെ പ്രസ്‌താവന ഏറ്റെടുത്ത പ്രതിപക്ഷം രൂക്ഷവിമർശനമാണ് നടത്തുന്നത്. ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ക്യാമറ നികോൻ കമ്പനി പുറത്തിറക്കിയത് 1987ലാണെന്നും ഇക്കൂട്ടർ വാദിക്കുന്നു. താൻ പാവപ്പെട്ടവനാണെന്ന് നിരന്തരം അവകാശപ്പെടുന്ന മോദിക്ക് അക്കാലത്ത് വൻ വില നൽകേണ്ടിയിരുന്ന ഡിജിറ്റൽ ക്യാമറകൾ വാങ്ങാൻ എവിടെ നിന്ന് പണം ലഭിച്ചുവെന്നും ഇവർ ചോദിക്കുന്നുണ്ട്. 1980കളിൽ തന്നെ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം തുടങ്ങിയിരുന്നുവെങ്കിലും പൊതുജനങ്ങൾക്കായി ഈ സേവനങ്ങൾ ലഭ്യമാക്കിയത് 1995ലാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. 1980കളിൽ മോദി ഉപയോഗിച്ചിരുന്ന ഇമെയിൽ വിലാസം കണ്ടെത്തുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നായിരുന്നു കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന്റെ നേട്ടങ്ങൾ ഒന്നും ചൂണ്ടിക്കാട്ടാൻ ഇല്ലാത്ത മോദി ജനങ്ങളെ പറ്റിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.