ന്യൂഡൽഹി: ബംഗാളിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രചാരണപരിപാടികൾക്ക് മമത സർക്കാർ വീണ്ടും അനുമതി നിഷേധിച്ചു. ജാദവ്പൂരിൽ അമിത് ഷായുടെ റോഡ് ഷോയ്‌ക്കാണ് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചത്. ഇവിടേക്ക് എത്താൻ അമിത് ഷായുടെ ഹെലികോപ്ടർ ഇറക്കുന്നതിനും പൊലീസ് അനുമതി നൽകിയില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായായിരുന്നു ബി.ജെ.പി അദ്ധ്യക്ഷന്റെ റോഡ് ഷോ. മമത സർക്കാരിന്റെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മമതയുടെ മുന്നിൽ കമ്മിഷൻ നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ബി.ജെ.പി വക്താവ് അനിൽ ബാലുനി ആരോപിച്ചു. കമ്മിഷൻ ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രതിഷേധപ്രകടനം നടത്തുമെന്ന് അനിൽ ബാലുനി അറിയിച്ചു.
ബംഗാളിൽ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബി.ജെ.പി നിശ്ചയിച്ചിരുന്നത്. ജയ്‌നഗർ, ജാദവ്പൂർ, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതിൽ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. ഇതാദ്യമായല്ല അമിത് ഷായ്ക്ക് സർക്കാരിൽ നിന്ന് നിഷേധാത്മക പ്രതികരണം നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ജനുവരിയിൽ മാൾഡയിൽ പാർട്ടി റാലിയിൽ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ ഹെലികോപ്ടറിന് ലാൻഡിംഗ് അനുമതി ബംഗാൾ സർക്കാർ നിഷേധിച്ചിരുന്നു.