ലഖ്നൗ: രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെങ്ങനെയാണ് മറ്റുള്ളവരുടെ സഹോദരിമാരെ ബഹുമാനിക്കാൻ സാധിക്കുകയെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി ചോദിച്ചു. ബി.ജെ.പി നേതാക്കളുടെ ഭാര്യമാർക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭർത്താക്കന്മാരിൽ നിന്ന് മോദി വേർപ്പെടുത്തിയേക്കുമെന്ന് അവർ ഭയക്കുന്നതായും മായാവതി ആരോപിക്കുന്നു.
‘ബി.ജെ.പിയിൽ വിവാഹിതരായ വനിത നേതാക്കൾക്ക് മോദിയോടൊപ്പം തങ്ങളുടെ ഭർത്താക്കന്മാരെ കാണുമ്പോൾ ഭയമാണ്. മോദി അവരെ തങ്ങളുടെ ഭർത്താക്കന്മാരിൽ നിന്ന് അകറ്റുമോയെന്നാണ് അവരുടെ ആശങ്ക’- മായാവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജസ്ഥാനിലെ ആൾവാർ കൂട്ടബലാത്സംഗത്തിൽ മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കവേയാണ് മായാവതി പുതിയ പരാമർശം. വിഷയത്തിൽ മോദി നീചമായ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് മായാവതി ആരോപിച്ചു.
ഭാര്യയെ ഉപേക്ഷിച്ച മോദി ഒരിക്കലും സ്ത്രീകളെ ബഹുമാനിച്ചിട്ടില്ലെന്നും മായാവതി ആരോപിച്ചു. ആൾവാർ കൂട്ടബലാത്സംഗക്കേസിൽ മോദി നിശബ്ദത പാലിക്കുകയാണ്. സ്വന്തം പാർട്ടിക്ക് നേട്ടമുണ്ടാക്കുന്നതിന് വേണ്ടിയാണ് മോദി നിശബ്ദത പാലിക്കുന്നതെന്നും ഇത് ലജ്ജാകരമാണെന്നും മായാവതി പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച മോദിക്കെങ്ങനെയാണ് മറ്റുള്ളവരുടെ സഹോദരിമാരെ ബഹുമാനിക്കാൻ സാധിക്കുക- മായാവതി ചോദിച്ചു.