കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ താത്കാലിക ചെയർമാനായി മുതിർന്ന നേതാവ് പി.ജെ.ജോസഫിനെ തിരഞ്ഞെടുത്തു. പാർട്ടി നിയമാനുസൃതം പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത് വരെ ജോസഫ് സ്ഥാനത്ത് തുടരും. ചെയർമാനെയും കക്ഷി നേതാവിനെയും ഉടൻ തന്നെ തിരഞ്ഞെടുക്കും. അന്തരിച്ച മുൻ പാർട്ടി ചെയർമാൻ കെ.എം.മാണിയുടെ അനുസ്‌മരണം ബുധനാഴ്‌ച തിരുവനന്തപുരത്ത് നടത്താനും തീരുമാനിച്ചു. പാർട്ടി ചെയർമാൻ സ്ഥാനത്ത് ഇനി ആരെന്നതിനെ സംബന്ധിച്ചുണ്ടായ തർക്കങ്ങൾക്ക് താത്കാലിക പരിഹാരമെന്നോണമാണ് ജോസഫിനെ താത്കാലിക ചെയർമാനാക്കാൻ തീരുമാനിച്ചത്.
പി.ജെ.ജോസഫിനെ ഒതുക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരെ ഒപ്പം നിറുത്തി ചെയർമാനാകാനുള്ള ജോസ് കെ. മാണിയുടെ ഗൂഢ നീക്കം കേരള കോൺഗ്രസിൽ പിളർപ്പിന്റെ വിത്തു പാകിയിരുന്നു. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് ജില്ലാ പ്രസിഡന്റുമാരല്ല പാർട്ടിയാണെന്ന് വ്യക്തമാക്കി ഇതിനെതിരെ രംഗത്തുവന്ന ജോസഫ്, മാണിയുടെ അസാന്നിദ്ധ്യത്തിൽ പാർട്ടി ഭരണഘടന അനുസരിച്ച് വർക്കിംഗ് ചെയർമാനായ താനാണ് ചെയർമാനാകേണ്ടതെന്ന് പ്രഖ്യാപിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.
കെ.എം.മാണിയുടെ പിൻഗാമിയായി ജോസ് കെ.മാണിയെ ചെയർമാനാക്കണമെന്നു പാർട്ടിയുടെ ഒമ്പതു ജില്ലാ പ്രസിഡന്റുമാർ ഇന്നലെ ഡെപ്യൂട്ടി ലീഡർ സി.എഫ് .തോമസിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പാലായിലെ വീട്ടിലെത്തി ജോസ്.കെ മാണിക്കുള്ള പിന്തുണയും ഇവർ അറിയിച്ചു. ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതൃസ്ഥാനവും മാണിഗ്രൂപ്പിന് കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. പാർട്ടിയിലെ ഉന്നത സ്ഥാനങ്ങളുടെ പേരിൽ പിളർപ്പ് ഒഴിവാക്കാൻ അനുരഞ്ജന ചർച്ച നടക്കുന്നതിനിടയിൽ ജില്ലാ പ്രസിഡന്റുമാരുടെ ഒന്നിച്ചുള്ള നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച സി.എഫ്.തോമസ് പ്രശ്നം വഷളാക്കരുതെന്നാണ് നിർദ്ദേശിച്ചത്.