കുട്ടവഞ്ചി തുഴഞ്ഞു പോകുന്ന നായകനേയും നായികയെയും സിനിമയിൽ കാണുമ്പോൾ അതുപോലൊന്ന് പോകാൻ കൊതിച്ചിട്ടുണ്ടോ? എങ്കിൽ പത്തനംതിട്ടയ്ക്ക് വണ്ടി പിടിച്ചോളൂ. പത്തനംതിട്ടയിൽ നിന്നും ഗവി റൂട്ടിൽ 40 കി.മീ. ദൂരം സഞ്ചരിച്ചാൽ ആങ്ങമൂഴിയിൽ എത്തിച്ചേരാം. അവിടെയുണ്ട് ഈ പറഞ്ഞ കുട്ടവഞ്ചി സവാരി.
രാവിലെ ഏഴു മണി മുതൽ കുട്ടവഞ്ചിയിലുള്ള യാത്ര തുടങ്ങും. ഒരു കുട്ടവഞ്ചിയിൽ പരമാവധി നാലുപേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുന്നത്. ഗവിയിലേക്ക് യാത്ര പോകുന്നവരെല്ലാം ഇവിടത്തെ കുട്ടവഞ്ചി യാത്ര കഴിഞ്ഞാണ് മടങ്ങുന്നത്. ഒരു കിലോമീറ്റർ ദൂരത്തിലാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്. പതിനഞ്ചോളം വഞ്ചികളാണ് ഇവിടെയുള്ളത്. മഴക്കാലത്താണ് ഇവിടേക്ക് സന്ദർശന പ്രവാഹം.
ആങ്ങമൂഴിയിൽ കുട്ടവഞ്ചി സവാരി നടത്തിയിട്ട് ചെക്ക്പോസ്റ്റിൽ നിന്നും പാസ്സ് വാങ്ങി ഗവിയ്ക്ക് പോകുവാൻ സാധിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്. ആങ്ങമൂഴിയിൽ നിന്നും 45 മിനിറ്റ് ദൂരം സഞ്ചരിച്ചാൽ അടവിയിലെത്താം. കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി ടൂറിസ്റ്റ് കേന്ദ്രമാണിത്. രാവിലെ 9 മണി മുതലാണ് ഇവിടെ സന്ദർശന സമയം. ഒരു കുട്ടവഞ്ചി യാത്രയ്ക്കായി 200 രൂപയാണ് ഈടാക്കുന്നത്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണെങ്കിൽ മഴക്കാലത്ത് എത്തുന്നതാണ് നല്ലത്. കൊല്ലത്തുനിന്നും കൊട്ടാരക്കരയിൽ നിന്നുമെല്ലാം കെ.എസ്.ആർ.ടി.സി അടക്കം ധാരാളം ബസ് സർവീസ് കോന്നിയിലേക്കുണ്ട്. കടുത്ത വേനൽകാലത്ത് അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടും. കുട്ടവഞ്ചി സവാരി കഴിഞ്ഞാൽ കോന്നി ആനക്കൂട്ടിൽ കയറി ഗജവീരന്മാരെയും കണ്ട് മടങ്ങാം.