ജനീവ: പ്രളയത്തിൽ തകർന്ന കേരളത്തെ നവകേരളമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയത്തിന് മുമ്പുണ്ടായിരുന്നവ പുനസ്ഥാപിക്കുകയല്ല തങ്ങളുടെ ലക്ഷ്യം. മറിച്ച് ഭാവിയിലുണ്ടായേക്കാവുന്ന ദുരന്തങ്ങളെ നേരിടാൻ പ്രാപ്‌തമായ രീതിയിലാണ് നവകേരള നിർമാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര സഭ ജനീവയിൽ സംഘടിപ്പിച്ച പുനർനിർമാണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുനർനിർമിക്കുകയെന്ന വെല്ലുവിളിയാണ് സംസ്ഥാന സർക്കാർഏറ്റെടുത്തിരിക്കുന്നത്. പ്രളയത്തിന് മുമ്പുണ്ടായിരുന്നവ പുനസ്ഥാപിക്കുകയല്ല, മറിച്ച് ഭാവിയിലുണ്ടായേക്കാവുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാൻ പ്രാപ്തമായ കേരളത്തെ പുനർ നിർമിക്കുകയാണ് ലക്ഷ്യം. 90 വർഷത്തിനിടെ ശക്തമായ പ്രകൃതി ദുരന്തങ്ങളൊന്നും കേരളത്തിന് നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ 2018 ആഗസ്‌റ്റിലുണ്ടായ പ്രളയം സർക്കാരിനും പൊതുസമൂഹത്തിനും വലിയ വെല്ലുവിളി സൃഷ്ടിച്ചു.കേരളത്തെ പ്രളയം രൂക്ഷമായി ബാധിച്ചു. 453 വിലയേറിയ ജീവനുകളാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ പ്രളയത്തെ കേരളം നിശ്ചയദാർഢ്യത്തോടെയാണ് നേരിട്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ സമയബന്ധിതമായി നടത്തിയ ഇടപെടൽ നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായകമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.