amazon

തിരുവനന്തപുരം: മുളകൊണ്ടുള്ള പുട്ടുകുറ്റിക്കും റാന്തലിനും ജഗ്ഗിനുമൊക്കെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ ഇപ്പോൾ വൻ ഡിമാൻഡാണ്. ഇവ നിർമ്മിച്ചതാകട്ടെ കേരളത്തിലെ പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകരും.സംസ്ഥാനത്തെ എസ്.സി, എസ്.ടി വകുപ്പുകൾ ആമസോണുമായി ചേർന്ന് 'ഗദ്ദിക' എന്ന ബ്രാൻഡിൽ തനത് ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തിച്ചിരിക്കുകയാണ്. വിദേശത്ത് നിന്നടക്കം നിരവധി പേർ ഇപ്പോൾ ഗദ്ദിക ഉത്പന്നങ്ങൾ തേടുന്നതായി അധികൃതർ പറയുന്നു. മലയാളി മറന്ന സ്വന്തം ഉത്പന്നങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ ആവശ്യക്കാർ ഏറെയുണ്ടെന്ന് മനസിലാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്.

ആദ്യ ഘട്ടത്തിൽ 50 ഓളം ഉത്പന്നങ്ങൾ വെബ്സൈറ്റിലുണ്ട്. ആമസോണിൽ ഗദ്ദികയെന്ന് പേര് നൽകിയാൽ ഉത്പന്നങ്ങളുടെ നീണ്ട ലിസ്റ്റ് വരും. 250 രൂപ മുതലാണ് വില. മൂന്ന് മാസത്തിനുള്ളിൽ 200 ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. വിവിധ ജില്ലയിൽ നിന്നുള്ള അമ്പതോളം സംരംഭകർ ഇപ്പോൾ പദ്ധതിയിൽ അംഗമാണ്. വയനാടൻ മഞ്ഞൾ, കുരുമുളക് തുടങ്ങിയവയും ആമസോണിലൂടെ വിറ്റഴിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് ലഭ്യമായാലുടൻ ഇവ ഓൺലൈൻ വിപണിയിലെത്തും.

പ്രധാന ഉത്പന്നങ്ങൾ

മുള കൊണ്ടുള്ള ലൈറ്റ് ഹോൾഡർ, കുട്ട, ചണം കൊണ്ടുള്ള ബാഗുകൾ,​ കരകൗശല വസ്തുക്കൾ,​ തൊപ്പികൾ, മുറം, ക്ലോക്ക്,​ തടികൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾ,​ പെയിന്റിംഗുകൾ

ഗദ്ദികയിൽ അംഗമാകാം

സ്വയംതൊഴിൽ ചെയ്യുന്ന എസ്.സി, എസ്.ടി സംരംഭകർക്ക് ഗദ്ദികയിൽ പങ്കാളികളാകാം. താത്പര്യമുള്ളവർ എസ്.സി, എസ്.ടി വകുപ്പുമായി ബന്ധപ്പെട്ട് എന്ത് തരം ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലാണ് തങ്ങൾക്ക് വൈദഗ്ദ്ധ്യമെന്ന് അറിയിക്കണം. തുടർന്ന് പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യാം. ഉത്പന്നങ്ങൾ നിർമ്മിച്ച് ജില്ലാ ഓഫീസുകൾക്ക് കൈമാറാം. വില്പനയ്ക്ക് അനുസരിച്ച് പ്രതിമാസം വരുമാനം അക്കൗണ്ടിൽ ലഭിക്കും

"എസ്.സി, എസ്.ടി വിഭാഗക്കാരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും കൃത്യമായ വരുമാനം ഉറപ്പാക്കാനും ഇതിലൂടെ കഴിയും."

- അലിഅസ്ഗർ പാഷ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ