ഫലറിയാൻ തന്നെ ഇനി വിരലിലെണ്ണാൻ ദിവസങ്ങളില്ല. ആകെ ഒമ്പതു നാൾ. അവസാനഘട്ട പോളിംഗിനാണെങ്കിൽ അഞ്ചു ദിവസമേയുള്ളൂ. വോട്ടെടുപ്പു നടക്കാൻ ബാക്കിയുള്ളത് വെറും 59 മണ്ഡലങ്ങൾ. ഇതുവരെ നേതാക്കളെല്ലാം രാജ്യമാകെ പ്രചാരണത്തിന് പറന്നു നടക്കുകയായിരുന്നു. ഇനി അത്ര പറക്കേണ്ട കാര്യമില്ല. എട്ടു സംസ്ഥാനങ്ങളിലായാണ് ഞായറാഴ്‌ച പോളിംഗ് നടക്കുന്ന 59 മണ്ഡലങ്ങൾ.
പഞ്ചാബും ഹിമാചൽ പ്രദേശുമാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് ഒറ്റത്തവണയായി പൂർത്തിയാകുന്ന സംസ്ഥാനങ്ങൾ. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലെ ഒരു സീറ്റിലേക്കുള്ള വോട്ടെടുപ്പും ഞായറാഴ്‌ച തന്നെ. മുഖ്യ നേതാക്കളുടെയെല്ലാം പ്രചാരണം ഇന്നലെ പഞ്ചാബും ഹിമാചലും കേന്ദ്രീകരിച്ചായിരുന്നു. രാഹുൽ ഗാന്ധി പഞ്ചാബിൽ റോഡ് ഷോ നടത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലും മദ്ധ്യപ്രദേശിലും ഹിമാചലിലും തിരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തു. പ്രിയങ്കാ ഗാന്ധി പഞ്ചാബിലും മദ്ധ്യപ്രദേശിലും.
അന്തിമ ഘട്ടമായതോടെ പ്രചാരണാവേശത്തിന് ഇലഞ്ഞിത്തറ മേളത്തിന്റെ മുറുക്കം. പൂരക്കുടമാറ്റത്തിന്റെ മത്സരാവേശം. വെടിക്കെട്ടിന്റെ ആകാശഘോഷം. അക്കാര്യത്തിൽ ആരുമില്ല പിന്നാക്കം. പ്രചാരണവേദിയിൽ ഇന്നലത്തെ വാചകമായി ഹൈലൈറ്റ് ചെയ്യാവുന്ന പ്രയോഗം ബി.എസ്.പി നേതാവ് മായാവതി വകയായിരുന്നു. ബി.ജെ.പിയിലെ മോദിഭക്തരായ വിവാഹിതരുടെ ഭാര്യമാർ ഇപ്പോൾ പേടിക്കുന്നത്, നേതാവിനെപ്പോലെ തങ്ങളും ഉപേക്ഷിക്കപ്പെടുമോ എന്നാണെന്ന് യു.പിയിലെ ഗോരഖ്പൂരിൽ പ്രചാരണ റാലിയിൽ മായാവതി പറഞ്ഞുകളഞ്ഞു. രാഷ്‌ട്രീയലാഭത്തിനു വേണ്ടി നിഷ്‌കളങ്കയായ ഭാര്യയെ ഉപേക്ഷിച്ചയാളാണ് നരേന്ദ്രമോദി എന്നായിരുന്നു ദീദിയുടെ ആക്ഷേപം. പ്രസംഗാന്ത്യം ആഹ്വാനം ഇങ്ങനെ: അത്തരമൊരാളെ ഭരണത്തിലേറ്റാൻ ഒറ്റ സ്ത്രീയും വോട്ടുചെയ്യരുത്!
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അടുക്കുന്തോറും പ്രധാനമന്ത്രിക്ക് സാരമായ എന്തോ തകരാറ് സംഭവിക്കുന്നതായി സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. പാക് ഭീകരരെ ആക്രമിക്കാൻ മോശം കാലാവസ്ഥ തിരഞ്ഞെടുത്തത് ഇന്ത്യൻ വിമാനങ്ങളെ പാക് റഡാറിൽ നിന്ന് മറച്ചുപിടിക്കാനായിരുന്നെന്ന വെളിപ്പെടുത്തലിനു പിന്നാലെ, ഇന്നലെ മോദി അല്‌പം കൂടി ഫോമിലായി! 1987-ൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് താൻ പാർട്ടിയിലെ മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുടെ ഫോട്ടോയെടുത്ത കഥയാണ് ഇന്നലെ അദ്ദേഹം ഒരു അഭിമുഖത്തിനിടെ പങ്കുവച്ചത്.
"അദ്വാനിജിയുടെ ഒരു റാലി. അദ്ദേഹം പ്രസംഗിക്കുന്നതിന്റെ ഒരു ചിത്രം ഞാൻ ഡിജിറ്റൽ ക്യാമറകൊണ്ട് എടുത്തു. ഇന്നത്തെപ്പോലെയല്ല, അക്കാലത്ത് ഡിജിറ്റൽ കാമറകൾക്ക് ദാ, ഇത്രേം വലുപ്പമുണ്ട്. ഞാനെടുത്ത ഫോട്ടോ ഡൽഹിയിലേക്ക് ഇ- മെയിൽ ചെയ്‌തു. പിറ്റേന്ന് പത്രത്തിൽ ആ പടം അടിച്ചുവന്നതു കണ്ട് അദ്വാനിജി അമ്പരന്നുപോയി. അന്ന് വളരെ കുറച്ചുപേർക്കേ ഇ- മെയിൽ സൗകര്യമൊക്കെയുള്ളൂ..." പാവം മോദിജി. നിക്കോൺ കമ്പനി ആ വർഷം ആദ്യത്തെ ഡിജിറ്റൽ കാമറ പുറത്തിറക്കിയിട്ടേ ഉള്ളൂവെന്നോ, ഇ- മെയിൽ പ്രചാരത്തിലെത്തിയത് 1995- ഓടുകൂടിയാണെന്നോ ഒന്നും അദ്ദേഹത്തിന് ഓർമ്മയില്ല.
കോൺഗ്രസിന്റെ അന്താരാഷ്‌ട്ര വിഭാഗം മേധാവി സാം പിത്രോദ 1984-ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് നടത്തിയ 'ഹുവാ തോ ഹുവാ' പരാമർശം പാർട്ടിക്കു വരുത്തിയ നാണക്കേടിൽ നിന്ന് തടിയൂരാനുള്ള ശ്രമത്തിലായിരുന്നു ഇന്നലെ പഞ്ചാബിലെ ഫത്തേഗഢ് സാഹിബിലെ തിരഞ്ഞെടുപ്പു റാലിയിൽ രാഹുൽ ഗാന്ധി. പരാമർശത്തിന്റെ പേരിൽ പിത്രോദ രാജ്യത്തോട് മാപ്പു പറയണമെന്നായിരുന്നു ഇന്നലെ രാഹുലിന്റെ പ്രസംഗം. അബദ്ധം പറഞ്ഞ നേതാവിനെ ന്യായീകരിക്കാൻ ശ്രമിച്ച് ഏഴാംഘട്ട വോട്ട് കുറയ്‌ക്കേണ്ടെന്ന രാഹുലിന്റെ നിലപാട് തികച്ചും സ്വാഭാവികം.
അടുത്ത ദിവസങ്ങളിൽ നരേന്ദ്ര മോദിക്കെതിരെ കൊടുങ്കാറ്റായ പ്രിയങ്കാ ഗാന്ധിയുടെ ഇന്നലത്തെ ആക്ഷേപം ഇങ്ങനെ: "കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്‌ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നരേന്ദ്രമോദി അഞ്ചു മിനിട്ട് പോലും വിനിയോഗിച്ചിട്ടില്ല. തന്റേത് ഒരു തപസ്യയാണെന്നാണ് അദ്ദേഹം പറയുന്നത്. തപസ്യ അഹങ്കാരത്തെ നശിപ്പിക്കേണ്ടതാണ്. പക്ഷേ, അദ്ദേഹത്തിന്റെ അഹങ്കാരം തപസ്യയേക്കാൾ ഒരുപാട് വളർന്നുപോയി..."
മദ്ധ്യപ്രദേശിൽ ഇന്നലെ പ്രിയങ്കയുടെ പ്രചാരണം ആരംഭിച്ചത് ഉജ്ജയിനിലെ മഹാകാളീശ്വര ക്ഷേത്രത്തിലെ പ്രാർത്ഥനയോടെ.സംസ്ഥാന മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്ര മന്ത്രി സുരേഷ് പച്ചൗരി ഉൾപ്പെടെ മുതിർന്ന നേതാക്കളിൽ പലരുമുണ്ടായിരുന്നു ദർശനത്തിന്. മുൻ എം.എൽ.എ ബാബുലാൽ മാളവ്യയാണ് ഉജ്ജയിനിൽ ബി.ജെ.പിയുടെ അനിൽ ഫിറോസിയയ്‌ക്ക് എതിരെ കോൺഗ്രസ് സ്ഥാനാർത്ഥി.
1. രാഷ്‌ട്രീയലാഭത്തിനായി നിഷ്‌കളങ്കയായ ഭാര്യയെ ഉപേക്ഷിച്ചയാളാണ് നരേന്ദ്രമോദി- മായാവതി
2. അഞ്ചു വർഷത്തിനിടെ, സാധാരണക്കാർക്കായി അഞ്ചു മിനിട്ട് പോലും മോദി ചെലവിട്ടിട്ടില്ല- പ്രിയങ്ക
3. പശ്ചിമ ബംഗാളിൽ നിന്ന് മുഴുവൻ നുഴഞ്ഞുകയറ്റക്കാരെയും ഞങ്ങൾ പുറത്താക്കും- അമിത് ഷാ
4.സിഖ് കൂട്ടക്കൊലയെക്കുറിച്ച്, സംഭവിച്ചത് സംഭവിച്ചു എന്ന് പരാമർശിച്ച സാം പിത്രോദ സ്വയം നാണക്കേടു തോന്നി രാജ്യത്തോട് മാപ്പു പറയുകയാണ് വേണ്ടത്- (രാഹുൽ ഗാന്ധി പഞ്ചാബിൽ ഫത്തേഗഢ് സാഹിബിലെ റാലിയിൽ ഇന്നലെ രാവിലെ പറഞ്ഞത്)
5. പിത്രോദ കോൺഗ്രസിലെ ഒരു രഹസ്യം പുറത്തുപറയുക മാത്രമേ ചെയ്‌തുള്ളൂ. രാഹുൽ ഗാന്ധീ, നാണക്കേട് തോന്നേണ്ടത് താങ്കൾക്കാണ് (നരേന്ദ്രമോദി പഞ്ചാബിലെ ഭട്ടിണ്ഡയിൽ നിന്ന് 200 കി.മീറ്റർ അകലെ ബി.ജെ.പി റാലിയിൽ ഇന്നലെ വൈകിട്ട് പറഞ്ഞത്)