കമലിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി
ചെന്നൈ : സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയാണെന്ന് മക്കൾ നീതിമയ്യം നേതാവ് കമലഹാസൻ പറഞ്ഞത് വിവാദമായി. പരാമർശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമലഹാസനെ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇതോടെ വലതു പക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി ഒരു തുറന്ന പോരിനാണ് കമൽ ഹാസൻ വഴിതുറന്നിരിക്കുന്നത്.
അറവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മക്കൾ നീതിമയ്യം സ്ഥാനാർത്ഥി എസ്. മോഹൻരാജിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കമൽ. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണ്. മുസ്ലിങ്ങൾ നിരവധിയുള്ള സ്ഥലമായതുകൊണ്ടല്ല ഞാനിതു പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. 1948ൽ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നത്. നല്ലൊരു ഇന്ത്യക്കാരൻ തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയിൽ മൂന്ന് നിറങ്ങളും നിലനിൽക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാൻ മടിയില്ല'- കമലഹാസൻ പറഞ്ഞു.
മേയ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 4 നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് അരവാകുറിച്ചി.
നേരത്തെ മറ്റൊരു തെരഞ്ഞെടുപ്പ് റാലിയിൽ തമിഴ്നാട്ടിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾക്കെതിരെ കമൽ ഹാസൻ രംഗത്തെത്തിയിരുന്നു. ഭരണപാർട്ടിയായ എ.ഐ.എ.ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കുമെതിരെ ഒരു രാഷ്ട്രീയ വിപ്ലത്തിന്റെ വക്കിലാണ് തമിഴ്നാട് എന്നായിരുന്നു വിമർശനം. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഈ ദ്രവീഡിയൻ പാർട്ടികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2017 നവംബറിലും ‘ഹിന്ദു വിഘടനവാദം’ എന്ന വാക്ക് ഉപയോഗിച്ച് കമൽ ഹാസൻ വിവാദമുണ്ടാക്കിയിരുന്നു. ബി.ജെ.പിയും ഹിന്ദു സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
തീക്കളിയെന്ന് ബി.ജെ.പി
ഗോഡ്‌സെയെ തീവ്രവാദിയാക്കിയത് ബി.ജെ.പിയെ ചൊടിപ്പിച്ചു.
'ന്യൂനപക്ഷ വോട്ടിനു വേണ്ടിയുള്ള കമൽ ഹാസന്റെ പ്രസ്താവന തീക്കളിയാണ്. മതത്തിന്റെ പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് കമൽഹാസൻ ശ്രമിക്കുന്നത്. സിനിമയിൽ അവസരം കുറഞ്ഞപ്പോൾ കമലഹാസൻ രാഷ്ട്രീയത്തിൽ അഭിനയിക്കാനിറങ്ങിയിരിക്കുകയാണ്. കമലിനെ അറസ്റ്റ് ചെയ്യണമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ നടപടിയെടുക്കണമെന്നും'- ബി.ജെ.പി ആവശ്യപ്പെട്ടു.
വിശ്വരൂപം സിനിമ പ്രദർശിപ്പിക്കാനായില്ലെങ്കിൽ രാജ്യം വിടുമെന്ന് ഭീഷണി മുഴക്കിയ ആളാണ് ഇപ്പോൾ യഥാർത്ഥ ഇന്ത്യക്കാരനാണെന്ന് വീമ്പിളക്കുന്നതെന്ന് ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.