thrissur-pooram

തൃശ്ശൂർ: പൂരലഹരിയിൽ ആറാടിയ പുരുഷാരങ്ങളെ സാക്ഷിയാക്കി വർണക്കാഴ്ചയൊരുക്കുന്ന കുടമാറ്റം ഉടൻ ആരംഭിക്കും. പാറമേക്കാവ് വിഭാഗത്തിന്റെയും തിരുവമ്പാടി വിഭാഗത്തിന്റെയും ഗജവീരൻമാർ തെക്കേഗോപുരനടയിൽ അണിനിരന്നിട്ടുണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ അരങ്ങേറിയ രണ്ടരമണിക്കൂർ നീണ്ട ഇലഞ്ഞിത്തറമേളത്തിന് ശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേയ്ക്കിറങ്ങുന്ന ചടങ്ങ് നടന്നു. ആലവട്ടവും വെഞ്ചാമരവുമായി ഭഗവതിയെ വരവേറ്റു.

ഇനി കുടമാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പതിനായിരങ്ങൾ. പാറമേക്കാവിന്റെ 15 ആനകളും തിരുവമ്പാടിയുടെ 15 ആനകളും കുടമാറ്റത്തിൽ അണിനിരക്കും. കുടമാറ്റത്തിനുശേഷം രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാർ പ്രമാണിയാകും. തുടര്‍ന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും.