narendra-modi
NARENDRA MODI

ന്യൂഡൽഹി: പാകിസ്ഥാൻ റഡാറിന്റെ കണ്ണുവെട്ടിക്കാൻ മഴയും മേഘങ്ങളും സഹായിക്കുമെന്ന പരാമർശത്തിന് പിന്നാലെ 1987-88 കാലഘട്ടത്തിൽ ഡിജിറ്റൽ കാമറയും ഇ-മെയിലും ഉപയോഗിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസപ്പെരുമഴ.

എങ്ങനെയാണ് ഒരു 'ഗാഡ്ജറ്റ് ഫ്രീക്ക്' ആയതെന്ന ചാനൽ അഭിമുഖത്തിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി.
'ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു വളരെ മുമ്പേ തന്നെ സാങ്കേതികവിദ്യയോട് താത്പര്യമുണ്ടായിരുന്നു. 1990കളിൽ താൻ സ്റ്റെലസ് പേനയും ടച്ച് സ്‌ക്രീൻ ഉപകരണങ്ങളും ഉപയോഗിച്ച് തുടങ്ങിയിരുന്നു. 1987- 88 കാലത്താണ് ഡിജിറ്റൽ കാമറ ഉപയോഗിച്ച് തുടങ്ങിയത്. അന്ന് മറ്റാരെങ്കിലും അത് ഉപയോഗിച്ചിരുന്നോ എന്ന് എനിക്കറിഞ്ഞുകൂടാ. അന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇ-മെയിലുണ്ടായിരുന്നത്. വിരംഗാം തെഹ്സിലിൽ അദ്വാനിജിയുടെ യോഗമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ചിത്രം ഡിജിറ്റൽ കാമറയിൽ പകർത്തി. എന്നിട്ട് ഡൽഹിയിലേക്ക് അയച്ചു. പിറ്റേദിവസം കളർ ഫോട്ടോ അടിച്ചുവന്നു. അദ്വാനിജിക്ക് വളരെ 'സർപ്രൈസ്' ആയി'.- ഇങ്ങനെ പോകുന്നു മോദിയുടെ വാക്കുകൾ.

വിമർശകർ പറയുന്നത്

1987ലാണ് ആദ്യത്തെ ഡിജിറ്റൽ കാമറ നിക്കോൺ പുറത്തിറക്കിയത്. അന്ന് അതിന് വൻ വിലയായിരുന്നു.. ദാരിദ്ര്യത്തിൽ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ഡിജിറ്റൽ കാമറ സ്വന്തമാക്കിയെന്നാണ് വിമർശകരുടെ ചോദ്യം.

കൂടാതെ, വി.എസ്.എൻ.എൽ ഇന്റർനെറ്റ് സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത് 1995ൽ ആണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. നിരവധിപേരാണ് പരിഹാസവുമായി എത്തിയിരിക്കുന്നത്.

1988ൽ നരേന്ദ്ര മോദിയുടെ ഇ-മെയിൽ വിലാസം എന്തായിരുന്നെന്ന് ആർക്കെങ്കിലും ഊഹമുണ്ടോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററിൽ പങ്കുവച്ചു.

ചോദ്യവും ഉത്തരവും നേരത്തേ എഴുതിനൽകിയ 'സ്‌ക്രിപ്ടഡ്' അഭിമുഖമായിരുന്നു മോദിയുടേതെന്ന് ദിവ്യ ആരോപിച്ചു. ഇതിനെ സാധൂകരിക്കാൻ ഒരു വീഡിയോയും അവർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.