ഫരീദാബാദ് : പോളിംഗ് ബൂത്തിലെത്തിയ വനിതകളെ 'വോട്ട്' ചെയ്ത് സഹായിച്ച പോളിംഗ് ഏജന്റിനെ ഹരിയാനയിൽ അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ പ്രിതാല പോളിംഗ് ബൂത്തിലാണ് സംഭവം.
വോട്ട് ചെയ്യാനായി സ്ത്രീകൾ എത്തുമ്പോൾ പോളിംഗ് ഏജന്റായി ഇരിക്കുന്ന ആൾ എഴുന്നേറ്റ് ചെന്ന് വോട്ടിംഗ് മെഷീൻ വച്ചിരിക്കുന്ന കമ്പാർട്ട്‌മെന്റിൽ കയറി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ കൂടി പുറത്തുവന്നിരുന്നു. ഇയാൾ രണ്ടുതവണ ഇക്കാര്യം ആവർത്തിക്കുന്നത് വീഡിയോയിലുണ്ട്. നിയമവിരുദ്ധമായ പ്രവൃത്തിയിൽ നിന്ന് ഇയാളെ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചില്ല.
വീഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അതേസമയം കുറ്റം ചെയ്ത ആൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ പറയുന്നു.
മൂന്നു വനിതാ വോട്ടർമാരുടെ വോട്ടുകളാണ് അറസ്റ്റിലായ പോളിംഗ് ഏജന്റ് ക്രമവിരുദ്ധമായി ചെയ്തത്. സംഭവത്തിൽ നിരീക്ഷകരുടെ റിപ്പോർട്ട് പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമെങ്കിൽ നടപടി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.