uaq

ഉം അൽ ഖുവൈൻ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലുവിന്റെ യു.എ.ഇയിലെ പുതിയ ഷോപ്പിംഗ് മാളായ 'മാൾ ഒഫ് യു.എ.ക്യൂ" പ്രവർത്തനം ആരംഭിച്ചു. ഉം അൽ ഖുവൈനിൽ കിംഗ്‌ ഫൈസൽ സ്‌ട്രീറ്റിൽ നിർമ്മിച്ച പുതിയ ഷോപ്പിംഗ് മാൾ തദ്ദേശീയർക്കും പ്രവാസികൾക്കും ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ലുലു ഗ്രൂപ്പിന്റെ സംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാൾ ഒഫ് യു.എ.ക്യൂ നിർമ്മിച്ചത്.

യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഉം അൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്‌ക് സൗദ് ബിൻ റാഷിദ് അൽ മുല്ല മാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉം അൽ ഖുവൈൻ കിരീടാവകാശി ഷെയ്‌ക് റാഷിദ് ബിൻ സൗദ് അൽ അൽ മുല്ല, കുടുംബാംഗങ്ങൾ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സി.ഇ.ഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എം.എ. അഷ്‌റഫ് അലി, ഡയറക്‌ടർ എം.എ. സലിം തുടങ്ങിയവർ സംബന്ധിച്ചു.

ഉം അൽ ഖുവൈൻ എമിറേറ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ മാൾ ഒഫ് യു.എ.ക്യൂവിൽ അന്താരാഷ്‌ട്ര ബ്രാൻഡുകൾ, ഫുഡ് കോർട്ട്, അഞ്ച് സ്‌ക്രീൻ മൾട്ടിപ്ളെക്‌സ്, ലുലു എക്‌സ്‌ചേഞ്ച്, ബാങ്ക്, വിനോദ കേന്ദ്രമായ ഓറഞ്ച് ഹബ്ബ്, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ, ആധുനിക രീതിയിൽ സജ്ജമാക്കിയ ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.

ഷെയ്‌ക് ഹുമൈദ് ബിൻ അഹമ്മദ് അൽ മുല്ല, സാമ്പത്തിക വികസന വകുപ്പ് മേധാവി ഷെയ്‌ക് സെയ്ഫ് ബിൻ റാഷിദ് അൽ മുല്ല, ഉം അൽ ഖുവൈൻ എക്‌സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ ഷെയ്‌ക് അഹമ്മദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുല്ല, ടൂറിസം വകുപ്പ് മേധാവി ഷെയ്‌ക് മജീദ് ബിൻ സൗദ് അൽ മുല്ല, ധനകാര്യ വകുപ്പ് മേധാവി ഷെയ്‌ക് അബ്‌ദുള്ള ബിൻ സൗദ് റാഷിദ് അൽ മുല്ല, ഉം അൽ ഖുവൈൻ മുനിസിപ്പാലിറ്റി മേധാവി ഷെയ്‌ക് അലി ബിൻ സൗദ് ബിൻ റാഷിദ് അൽ മുല്ല, നഗരാസൂത്രണ വകുപ്പ് മേധാവി ഷെയ്‌ക് അഹമ്മദ് ബിൻ ഖാലിദ് അൽ മുല്ല തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.