കൊൽക്കത്ത : ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ജാദവ്പുരിൽ നടത്താനിരുന്ന റാലിക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു. ഹെലികോപ്ടർ ഇറക്കുന്നതിനും വിലക്കേർപ്പെടുത്തി. ഇന്നലെ നടക്കേണ്ടിയിരുന്ന റാലിക്ക് ഞായറാഴ്ച രാത്രി അനുമതി നിഷേധിച്ചത് ബി.ജെ.പിയെ ചൊടിപ്പിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനാധിപത്യത്തെ ഏകാധിപത്യം കൊണ്ടു മാറ്റി മറിച്ചെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. സംഭവത്തിൽ ഇടപെടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാൾ ഭരണകൂടം അമിത് ഷായുടെ തിരഞ്ഞെടുപ്പ് പരിപാടികൾക്കു അനുമതി നൽകുന്നില്ല. ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കന്മാരുടെ പരിപാടികൾക്കും അനുമതിയില്ല. ബംഗാളിൽ മമതയുടെ ഏകാധിപത്യമാണു നടക്കുന്നത്. ബി.ജെ.പിക്കു ലഭിക്കുന്ന പിന്തുണയിലുള്ള അസഹിഷ്ണുതയാണു മമതയെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്’ – അദ്ദേഹം പറഞ്ഞു.
ബംഗാളിൽ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബി.ജെ.പി നിശ്ചയിച്ചിരുന്നത്. ജയ്‌നഗർ, ജാദവ്പൂർ, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതിൽ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.
ഇതാദ്യമായല്ല അമിത് ഷായ്ക്ക് സർക്കാരിൽ നിന്ന് നിഷേധാത്മക പ്രതികരണം നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ജനുവരിയിൽ മാൾഡയിൽ പാർട്ടി റാലിയിൽ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ ഹെലികോപ്ടർ ലാൻഡിംഗിന് അനുമതി ബംഗാൾ സർക്കാർ നിഷേധിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹെലികോപ്ടർ ഇറക്കാനുള്ള അനുമതി മമത സർക്കാർ നിഷേധിച്ചിട്ടുണ്ട്.
19ന് നടക്കുന്ന അവസാന ഘട്ട പോളിംഗിൽ ബംഗാളിലെ 9 മണ്ഡലങ്ങളാണ് വിധിയെഴുതുക.