six-srilankan-people-book

കുവൈത്ത് സിറ്റി: വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി കുവൈറ്റിൽ എത്തിയ ആറ് ശ്രീലങ്കൻ പൗരന്മാർ അറസ്റ്റിലായി. മൂന്ന് സ്ത്രീകളടക്കമുള്ള സംഘം ഇന്ത്യയിലെ വിമാനത്താവളം വഴിയാണ് കുവൈറ്റിൽ എത്തിയത്. ആറ് വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾക്ക് പുറമെ ആറ് വ്യാജ മലേഷ്യൻ പാസ്പോർട്ടുകളും ഇവരിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്

ശ്രീലങ്കൻ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇവർ ഇന്ത്യയിൽ എത്തിയത്. പിന്നീട് വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ എത്തുകയും കുവൈറ്റിൽനിന്ന് മലേഷ്യൻ പാസ്പോർട്ട് ഉപയോഗിച്ച് മലേഷ്യയിലേക്കും പിന്നീട് ബ്രിട്ടനിലേക്കും കടക്കാനായിരുന്നു ഇവർ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രാൻസിസ്റ്റ് ലോഞ്ചിൽ വച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിലെ ഏത് വിമാനത്താവളം വഴിയാണ് ഇവർ സഞ്ചരിച്ചത് എന്ന് വ്യക്തമല്ല.