കൊല്ലം: പേരൂർ രഞ്ജിത്ത് ജോൺസനെ (40) വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നു മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കൊല്ലം അഡിഷണൽ സെഷൻസ് കോടതി (നാല്) കണ്ടെത്തി. പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും. എട്ടാം പ്രതി അജിംഷായെ വെറുതേവിട്ടു.
തഴുത്തല കണ്ണനല്ലൂർ വാലിമുക്ക് പുതിയവീട്ടിൽ പാമ്പ് മനോജ് എന്ന മനോജ് (40), പരവൂർ നെടുങ്ങോലം പോസ്റ്റോഫീസിന് സമീപം കച്ചേരിവിള വീട്ടിൽ കാട്ടുണ്ണി എന്ന രഞ്ജിത്ത് (30), പൂതക്കുളം എൽ.പി.എസിന് സമീപം പാനാത്തുചിറയിൽ വീട്ടിൽ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (39), തൃക്കോവിൽവട്ടം വെറ്റിലത്താഴത്ത് റാം നിവാസിൽ കുക്കു എന്ന പ്രണവ് (25), മുഖത്തല തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ കോണത്തു വടക്കതിൽ വിഷ്ണു (21), കിളികൊല്ലൂർ പവിത്രനഗർ 150, വിനീത മന്ദിരത്തിൽ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയിൽ വീട്ടിൽ റിയാസ് (30) എന്നിവരാണ് ഒന്നു മുതൽ ഏഴ് വരെ പ്രതികൾ. പാമ്പ് മനോജിന്റെ ഭാര്യയെ രഞ്ജിത്ത് ഒപ്പം താമസിപ്പിച്ചതിന്റെ വിരോധത്തിലാണ് ആസൂത്രിത കൊല നടത്തിയത്.
അപൂർവമായ കൊലപാതക രീതി ആയതിനാൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും പ്രതികൾ ഒരുമിച്ച് തങ്ങുന്നത് ഒഴിവാക്കാൻ ശിക്ഷാ കാലയളവിൽ വിവിധ ജയിലുകളിൽ അടയ്ക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രണവിനും (25) വിഷ്‌ണുവിനും (21) പ്രായത്തിന്റെ ആനുകൂല്യം നൽകണമെന്ന് പ്രതിഭാഗം അഭ്യർത്ഥിച്ചു. വിധി പറയുന്നത് കേൾക്കാൻ രഞ്ജിത്തിന്റെ അമ്മ ട്രീസ ജോൺസൺ, അച്ഛൻ ജോൺസൺ, പ്രതികളുടെ ബന്ധുക്കൾ എന്നിവർ എത്തിയിരുന്നു.
പ്രതികൾക്കെതിരായ കുറ്റങ്ങൾ
കൊലപാതകം (302), കുറ്റകരമായ ഗൂഢാലോചന (120 ബി), അന്യായമായി തടഞ്ഞു നിറുത്തുക (341), കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ (364), തെളിവ് നശിപ്പിക്കൽ (201), പരസ്‌പരം ഉത്സാഹികളും സഹായികളുമായി പ്രവർത്തിക്കുക (34)