കൊൽക്കത്ത: 'മമത ദീദീ, ഞാൻ ഇവിടെനിന്ന് ജയ് ശ്രീറാം മുഴക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ' - ബംഗാളിലെ സൗത്ത് 24 പർഗനാസിൽ ബി.ജെ.പി റാലിക്കിടെ
ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വെല്ലുവിളിച്ചു. 'ഇന്ന് മൂന്ന് സ്ഥലങ്ങളിലായിരുന്നു ഞാൻ സന്ദർശനം നടത്തേണ്ടിയിരുന്നത്. എന്നാൽ അതിൽ ഒരു മണ്ഡലത്തിൽ മമതാജിയുടെ അനന്തിരവനാണ് മത്സരിക്കുന്നത്. അവരുടെ അനന്തിരവൻ പരാജയപ്പെടുമെന്നാണ് അവരുടെ ഭയം. അതിനാലാണ് ഞങ്ങളുടെ റാലിക്ക് അവർ അനുമതി നിഷേധിച്ചത്. മമതയുടെ ഭരണത്തിൽ ദുർഗാ പൂജയ്ക്ക് പോലും അനുമതി ലഭിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
നേരത്തേ ജാദവ്പൂരിൽ അമിത് ഷായുടെ ഹെലികോപ്ടർ ഇറക്കാനും റോഡ് ഷോ നടത്താനും മമത സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ജാദവ്പൂരിലെ പൊതുസമ്മേളനവും റോഡ് ഷോയും ബി.ജെ.പി റദ്ദാക്കി. തൊട്ടുപിന്നാലെ ജാദവ്പൂരിൽ ബി.ജെ.പി പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായി.