child-abuse

സുംബാൽ: ജമ്മുകാശ്മീരിലെ ബന്ദിപ്പോരിൽ മൂന്നുവയസുകാരിയെ അയൽവാസി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളും സൈന്യവും ഏറ്റുമുട്ടിയതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. പ്രതിയുടെ പ്രായത്തെച്ചൊല്ലിയും വിവാദമുയരുന്നുണ്ട്.

കഴിഞ്ഞ എട്ടിനാണ് മൂന്നു വയസുകാരിയെ അയൽവാസി പീഡിപ്പിച്ചത്. പൊലീസ് ഉടനേ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ പ്രായപൂർത്തിയാവാത്തയാളാണെന്ന് സ്വകാര്യ സ്‌കൂൾ അധികൃതർ നൽകിയ സർട്ടിഫിക്കറ്റാണ് ജനരോഷത്തിന് കാരണം.

സ്‌കൂളിന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ അക്രമാസക്തരായി. പ്രതി സ്‌കൂൾ പ്രിൻസിപ്പലിന്റെ ബന്ധുവാണെന്നും ആരോപണമുണ്ട്.

പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് നോർത്ത് കാശ്‌മീർ ഡി.ഐ.ജി മുഹമ്മദ് സുലേമാൻ ചൗധരി പറഞ്ഞു. പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ട്.

അതേസമയം പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തിയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയുമടക്കമുള്ളവർ കുറ്റവാളിക്ക് പരമാവധി ശിക്ഷ നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.