ജനീവ : പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക വ്യത്യാസങ്ങൾ മറന്ന് സാഹോദര്യ മനോഭാവത്തോടെ പരസ്പരം പിന്തുണ നൽകി പ്രകൃതി ദുരന്തത്തെ കേരളം അതിജീവിച്ചു. കടലിനോട് മല്ലടിച്ച് നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തോട് കേരളം പ്രത്യേകം കടപ്പെട്ടിരിക്കുന്നതായി പിണറായി വിജയൻ പറഞ്ഞു. അവരുടെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇതിലുമധികം ജീവനുകൾ പ്രളയത്തിൽ നഷ്ടപ്പെടുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനീവയിൽ അന്താരാഷ്ട്ര പുനർ നിർമാണ കോൺഫറൻസിന്റെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയം കേരള സമൂഹത്തിന്റെ ഏറ്റവും വലിയ നന്മയെ പുറത്തുകൊണ്ടുവന്നു. ഇത് പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ വേണ്ട ഊർജ്ജം പകർന്നുനൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 90 വർഷത്തിനിടെ ഇത്ര വലിയ ഒരു പ്രകൃതിദുരന്തം നമുക്ക് നേരിടേണ്ടിവന്നിട്ടില്ല. എന്നാൽ ആഗസ്റ്റ് 2018ലുണ്ടായ സമാനതകളില്ലാത്ത വെള്ളപ്പൊക്കം സംസ്ഥാന സർക്കാരിനു മുന്നിലും പൊതുസമൂഹത്തിനു മുന്നിലും പുതിയൊരു വെല്ലുവിളിയുയർത്തി. വിലപ്പെട്ട 453 മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. സംസ്ഥാനത്തിന്റെ മൊത്തം നഷ്ടം 4.4 ബില്യൺ അമേരിക്കൻ ഡോളറാണെന്നാമ് ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
എന്നാൽ കേരളീയ സമൂഹം ഈ പ്രകൃതിദുരന്തത്തെ അസാമാന്യമായ നിശ്ചയദാർഢ്യത്തോടെയാണ് നേരിട്ടത്. കേരള സമൂഹത്തിൽ വേരൂന്നിയ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ടതുകൊണ്ടാണ് അവർക്കിത് സാദ്ധ്യമായതെന്നും പിണറായി പറഞ്ഞു.