party-channel

തിരുവനന്തപുരം: സർക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ നിർമ്മാണ ചുമതല സി.പി.എമ്മിന്റെ പാർട്ടി ചാനലിന് കൈമാറിയതിനെതിരെ ബി.ജെ.പി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിന്റെ നിർമ്മാണ ചുമതല കൈമാറിയതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ പാർട്ടിയുടെ ഉപസ്ഥാപനമാക്കി മാറ്റുകയാണെന്ന് വി.മുരളീധരൻ എം.പി ആരോപിച്ചു. സർക്കാരിനെ എ.കെ.ജി സെന്ററിലേക്കു മാത്രമല്ല പാർട്ടി ചാനലിലേക്കും പറിച്ചുനടാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർണമായും സർക്കാർ സംവിധാനം ഉപയോഗിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രൊഡ്യൂസറായാണ് നാം മുന്നോട്ട് പരിപാടി സി- ഡിറ്റിന്റെ സഹായത്തോടെ തയ്യാറാക്കുന്നത്. ഇതിന്റെ നിർമ്മാണത്തിനു പിന്നിൽ പി.ആർ.ഡിയും അതിന്റെ സംവിധാനങ്ങളുമാണ്. രഹസ്യസ്വഭാവമുള്ള രേഖകൾ പോലും പരിപാടിയുടെ ഭാഗമായി പരിശോധിക്കേണ്ടി വരും. സി.പി.എമ്മിന്റെ ചാനലിന് കൈമാറുന്നതിലൂടെ സർക്കാർ സംവിധാനം മുഴുവൻ ഉപയോഗിക്കാൻ അവർക്ക് അവസരമൊരുക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.

ഈ തീരുമാനം പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കും. ഇനി യു.ഡി.എഫ് സർക്കാർ വന്നാൽ അത് കോൺഗ്രസിന്റെ ചാനലിനായിരിക്കും നൽകുക. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനും അഴിമതി നടത്തുന്നതിനുമുള്ള പുതിയ വഴിയാണിപ്പോൾ സർക്കാർ കണ്ടെത്തിയിരിക്കുന്നത്. തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.