സ്റ്റോക്ക്‌ഹോം: ലണ്ടനിൽ അറസ്റ്റിലായ വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ പേരിലുള്ള ലൈംഗികാരോപണ കേസ് പുനരന്വേഷിക്കാനും തുടർ വിചാരണ നടത്താനും തീരുമാനിച്ചതായി സ്വീഡന്റെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു.
2017 ൽ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയാഭയം തേടിയതോടെ അവസാനിപ്പിച്ച ലൈംഗികാരോപണ കേസാണ് പുനഃപരിശോധിക്കുന്നത്. 2010ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന വിക്കിലീക്സ് സമ്മേളനത്തിനിടെ അസാൻജ് ബലാത്സംഗത്തിനും മറ്റ് ലൈംഗികാതിക്രമങ്ങൾക്കും ഇരയാക്കിയെന്നാണ് യുവതികളുടെ പരാതി. എന്നാൽ, പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണു നടന്നതെന്നാണ് അസാൻജിന്റെ വിശദീകരണം.
ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയതിനും കമ്പ്യൂട്ടർ ഹാക്ക് ചെയ്ത കുറ്റത്തിനുമായി അസാൻജിനെ വിട്ടുനൽകാൻ യു.എസിൽ നിന്നുള്ള സമ്മർദ്ദങ്ങളും ശക്തമാകുന്നുണ്ട്.