tanker-lorry
അപകടത്തിൽ പെട്ട ടാങ്കർ ലോറി

കയ്പ്പമംഗലം / കോലഞ്ചേരി : ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പിഞ്ചു കുട്ടികളുൾപ്പെടെ നാലു പേർ മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശി മലംകുന്ന് പ്രശാന്ത് ഭവനിൽ പ്രമോദിന്റെ ഭാര്യ നിഷ (33), മകൾ ദേവനന്ദ (മൂന്നര), നിഷയുടെ പിതാവ് കിഴക്കമ്പലം പള്ളിക്കര എരുമേലി ചിറ്റനാട് വീട്ടിൽ രാമകൃഷ്ണൻ (68, റിട്ട. ഷിപ്പ്‌യാർഡ് ജീവനക്കാരൻ), നിഷയുടെ സഹോദരി ഷീനയുടെയും തൊടുപുഴ സ്വദേശി മാളിയേക്കൽ നിശാന്തിന്റെയും മകൾ നിവേദിത (രണ്ട് വയസ്) എന്നിവരാണ് മരിച്ചത്.

കാറോടിച്ചിരുന്ന പ്രമോദിനും (40), മകൻ അധിദേവിനും (ഏഴ്) പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അധിദേവിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഷയും രാമകൃഷ്ണനും ദേവനന്ദയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും നിവേദിത ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രിയിലുമാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് ആറംഗ സംഘം എരുമേലിയിലെ വീട്ടിൽ നിന്ന് യാത്ര തിരിച്ചത്. തുടർന്ന് ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ദേശീയപാത 66ൽ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് തെക്കുവശത്ത് പെരിഞ്ഞനത്ത് ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറും എറണാകുളത്തു നിന്ന് സാധനങ്ങളുമായി വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. പ്രമോദ് കോട്ടയം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ്.അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട ലോറി സമീപത്തെ മതിലിൽ ഇടിച്ചു കയറി. കാർ പൂർണമായും തകർന്നു. പ്രമോദ് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം. നാട്ടുകാരും കയ്പ്പമംഗലം പൊലീസും പെരിഞ്ഞനം - എടതിരിഞ്ഞി ലൈഫ് ഗാർഡ് പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിർമ്മലയാണ് രാമകൃഷ്ണന്റെ ഭാര്യ. മറ്റു മക്കൾ : ഷീന, നിവ്യ. മരുമകൻ : നിഷാദ്. മൃതദേഹങ്ങൾ മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.