കൊളംബോ : ഫേസ്ബുക്ക്, വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾക്കു ശ്രീലങ്കയിൽ താത്കാലികമായി വിലക്ക് ഏർപ്പെടുത്തി. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ആക്രമണത്തിന് ശേഷം മുസ്ലിം വിരുദ്ധ സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.
രാജ്യത്ത് സമാധനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വിലക്കെന്ന് അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫേസ്ബുക്കും വാട്സ്ആപ്പും കൂടാതെ വൈബർ, ഇമോ, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവയ്ക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ചാവേർ സ്‌ഫോടനത്തെ തുടർന്ന് മുസ്ലിം പള്ളികൾക്കും മുസ്ലിം ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങൾക്കും നേരെ കല്ലേറ് അടക്കമുള്ള അതിക്രമങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിരവധി മുസ്ലിം പള്ളികൾക്കും വീടുകൾക്കും കാര്യമായ തകരാറുകൾ സംഭവിച്ചതായി മുസ്ലിം കൗൺസിൽ ഒഫ് ശ്രീലങ്ക ആരോപിച്ചു.
ഫേസ് ബുക്കിലൂടെയുള്ള തർക്കങ്ങളെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ ക്രൂരമർദ്ദനത്തിന് ഇരയായതായും റിപ്പോർട്ടുണ്ടായിരുന്നു. പ്രകോപനം സൃഷ്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ നിരവധി അറസ്റ്റുകളും അടുത്തിടെ നടന്നിരുന്നു.