kashdiuhdua

കൊച്ചി: അമേരിക്ക-ചൈന വ്യാപാരയുദ്ധം രൂക്ഷമായതിന്റെ ചുവടുപിടിച്ച് തുടർച്ചയായ ഒമ്പതാം നാളിലും ഓഹരി വിപണി തകർന്നടിഞ്ഞു. ഇന്ത്യൻ ഓഹരികളുടെ ഏറ്റവും ദീർഘമായ നഷ്‌ടയാത്രയാണിത്. ഇന്നലെ സെൻസെക്‌സ് 372 പോയിന്റിടിഞ്ഞ് 37,090ലും നിഫ്‌റ്രി 130 പോയിന്റ് താഴ്‌ന്ന് 11,148ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സെൻസെക്‌സിലെ നിക്ഷേപകർ കുറിച്ചിട്ട നഷ്‌ടം 8.5 ലക്ഷം കോടി രൂപയാണ്.

വ്യാപാരയുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ആഗോളതലത്തിൽ ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ പിൻവലിയുകയാണ്. രൂപയുടെ തകർച്ച, കോർപ്പറേറ്ര് കമ്പനികളുടെ മോശം പ്രവർത്തനഫലം, ട്രെൻഡ് വ്യക്തമാക്കാതെ പുരോഗമിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു. ഇതിനിടെ, ഗൾഫ് മേഖല യുദ്ധഭീതിയിലേക്ക് നീങ്ങുന്നതും തിരിച്ചടിയാണ്. ഇറാനു സമീപം യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്കയാണ് യുദ്ധഭീതി ഉയർത്തിയിരിക്കുന്നത്. ഇന്നലെ യു.എ.ഇയിലെ ഫുജൈറയ്ക്ക് സമീപം നാല് ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതും ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.

70 കടന്ന് രൂപ

ക്രൂഡോയിൽ വില വീണ്ടും ഉണർവിന്റെ ട്രാക്കിലേറിയതോടെ രൂപ ഡോളറിനെതിരെ രണ്ടുമാസത്തെ താഴ്‌ചയിലേക്ക് വീണു. ഇന്നലെ വ്യാപാരാന്ത്യം 60 പൈസ നഷ്‌ടവുമായി 70.52ലാണ് രൂപയുള്ളത്.

നാണയപ്പെരുപ്പം

മേലോട്ട്

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ഏപ്രിലിൽ ആറുമാസത്തെ ഉയരമായ 2.92 ശതമാനത്തിലെത്തി. മാർച്ചിൽ ഇത് 2.86 ശതമാനം ആയിരുന്നു. ഇതോടെ, സമീപഭാവിയിൽ പലിശയിളവ് ഉണ്ടാകാനുള്ള സാദ്ധ്യത മങ്ങി.