പിറക്കുന്ന ഓരോ കുഞ്ഞും അച്ഛന്റെയും അമ്മയുടെയും ജനിതക മിശ്രിതത്തിന്റെ തുടർച്ചക്കാരാണ്. എന്നാൽ നൊന്തു പ്രസവിച്ച അമ്മയുടെയും ജന്മം നൽകിയ പിതാവിന്റെയും ജനിതകഘടനയിൽ നിന്ന് വ്യത്യസ്തമായി ഒരു കുഞ്ഞ് പിറവിയെടുക്കുമ്പോൾ, ശാസ്ത്രലോകം ആശങ്കപ്പെടുന്നു. ആദ്യമായി ജനിതകമാറ്റം നടത്തിയ രണ്ട് കുഞ്ഞുങ്ങൾ ഭൂമിയിൽ പിറന്നിരിക്കുന്നു. മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിന് 2019 ആഗസ്റ്റ് വരെ മാത്രം കാത്തിരുന്നാൽ മതി.
19- ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഉയർത്തിയ പുതിയ ചിന്തയുടെയും, അതിന്റെ തുടർച്ചയായി ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യേ, കൃത്യമായി പറഞ്ഞാൽ 1953ൽ വാട്ട്സൺ, ക്രിക്ക്, വീൽകിൻസ്, റോസ്സലിൻ എന്നീ ജീവശാസ്ത്രകാരന്മാർ കണ്ടുപിടിച്ച, എല്ലാ ജീവികളുടെയും ജനിതകവസ്തുവായ ഡി.എൻ.എയുടെ ത്രിമാത്ര ഘടനയിൽ നിന്നാണ് ജീവശാസ്ത്ര ഗവേഷണത്തിന്റെ സുവർണകാലഘട്ടം ആരംഭിച്ചത്. തന്മാത്ര തലത്തിൽ, ഡി.എൻ.എ യുടെ ഘടനാപരമായ സവിശേഷതകളെ പ്രായോഗിക തലത്തിൽ ഉപയോഗിക്കാൻ ജീവശാസ്ത്ര ഗവേഷകർ പഠിച്ചതും ഈ കണ്ടുപിടിത്തത്തിന്റെ ശക്തിയിൽ നിന്നാണ്. ഒരുപക്ഷേ 21-ാം നൂറ്റാണ്ടിൽ ജൈവശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ചയുടെ അളവുകോലായി 1962ൽ നോബൽ സമ്മാനം നേടിയ ഈ കണ്ടുപിടിത്തം മാറിയേക്കാം.
പുതിയ മാറ്റങ്ങൾക്കുവേണ്ടി, ജീവശാസ്ത്ര ലോകം സാങ്കേതികമായി ചിന്തിക്കുമ്പോൾ, മനുഷ്യരാശിയുടെ സമാധാനവും ശാന്തിയും സ്നേഹവും കെട്ടുറപ്പോടെ നിറുത്തേണ്ടത് ശാസ്ത്രജ്ഞരുടെ കടമയാണ്. ഗവേഷണത്തിലൂടെ എന്തൊക്കെ മഹാമാറ്റങ്ങൾ വരുത്തിയാലും അതൊന്നും ശരിയായ രീതിയിൽ മനുഷ്യരാശി ഉൾക്കൊള്ളണമെന്നില്ല. ജനിതകമാറ്റം സാദ്ധ്യമാക്കിക്കൊണ്ടുള്ള 1973-ലെ കണ്ടുപിടിത്തവും തുടർന്നുള്ള മനുഷ്യജനിതക ഘടനയുടെ പൂർണതോതിലുള്ള അനാവരണവും ജീൻനിരകളെ മുറിക്കാനും തിരുത്താനുമുള്ള സാങ്കേതിക വിദ്യയുടെ തിരിച്ചറിവും ജൈവസാങ്കേതിക ശാസ്ത്രത്തെ മറ്റ് ശാസ്ത്രമേഖലകളിൽ നിന്ന് വ്യത്യസ്തമാക്കി. പക്ഷേ ശാസ്ത്രജ്ഞരുടെ അതിരുകടന്ന ആത്മവിശ്വാസവും കോർപറേറ്റുകളുടെ പണത്തിന്റെ സ്വാധീനവും പരീക്ഷണത്തിന്റെ നൈതികവശങ്ങളെ പൂർണമായും മനസിലാക്കാതെയുള്ള ഇടപെടലുകളും ഭൂമിയിൽ മനുഷ്യവംശത്തിന്റെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. അമ്മയുടെ ഉദരത്തിൽ വളരുന്ന ഭ്രൂണത്തിന്റെ ഡി.എൻ.എയിൽ മാറ്റം വരുത്തി രോഗപ്രതിരോധ ശേഷിയുള്ള ആരോഗ്യമുള്ള കുഞ്ഞിനെ ഉത്പാദിപ്പിക്കാൻ വേണ്ടുന്ന ചെലവ് 42000 യു.എസ് ഡോളറാണ്. അത് നൽകാൻ രക്ഷിതാക്കൾ തയാറാണ് എന്നതാണ് കൗതുകകരമായ വസ്തുത. പഞ്ചനക്ഷത്ര ആശുപത്രികൾ സ്ഥാപിക്കാൻ ഓടിനടക്കുന്ന കോർപറേറ്റ് കമ്പനികൾ റഷ്യ, ഉക്രെയിൻ, സ്പെയിൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ ജനിതകമാറ്റ ക്ളിനിക്ക് തുടങ്ങിക്കഴിഞ്ഞു. ഇതൊരു ചികിത്സാരീതിയല്ല, മറിച്ച് ജീവന്റെ നിലനില്പിന്റെ മേലുള്ള ശക്തമായ ഇടപെടലുകളാണ്.
2018 ൽ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പ്രധാന പത്ത് വിഷയങ്ങളിൽ ഒന്നാണ് ജനിതകമാറ്റ കുഞ്ഞുങ്ങൾ. കാരണം ലോകത്ത് ആദ്യമായി ജനിതകമാറ്റം നടത്തിയ ഇരട്ടകളായ രണ്ട് പെൺകുഞ്ഞുങ്ങൾ പിറന്നത് 2018 ൽ ആയിരുന്നു. ജനിതകമാറ്റം ജീൻ തിരുത്തലിലൂടെ (gene editing) സാദ്ധ്യമാകാമെന്ന് ആദ്യമായി കണ്ടുപിടിച്ചത് 2012 ലാണ്. ക്രിസ്പർ ടെക്നോളജി (crispr technology) യെന്ന് സാങ്കേതികമായി വിളിക്കുന്ന വിപ്ളവകരമായ ഇൗ കണ്ടുപിടിത്തം നടത്തിയത് അമേരിക്കൻ ശാസ്ത്രജ്ഞയായ ഡോ.ജന്നിഫറും ഫ്രഞ്ച് ശാസ്ത്രജ്ഞയായ ഡോ. ഇമ്മാനല്ലിയും ചേർന്നായിരുന്നു അന്തർദ്ദേശീയ ജേർണലായ സയൻസ് 2015 ൽ ക്രിസ്പർ ടെക്നോളജിയെ ജനിതകശാസ്ത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായി പ്രഖ്യാപിച്ചു.
എന്താണ് ക്രിസ്പർ ?
ക്രിസ്പർ എന്ന് ചെറിയ രൂപത്തിൽ വിളിക്കുന്ന ഇൗ വിദ്യയുടെ പൂർണരൂപം clustered Regularly Interspaced short Palindromic Repeats എന്നാണ്. വൈറസ് ബാധയെ പ്രതിരോധിക്കാൻ ബാക്ടീരിയയുടെ ജനിതകവസ്തു (ഡി.എൻ.എ)വിൽ കാണുന്ന വളരെ സവിശേഷതകളുള്ള ചെറിയ ജീൻ തുമ്പുകൾ (gene fragments) ആണ് ക്രിസ്പർ . ക്രിസ്പറിന്റെ അനുബന്ധ പ്രോട്ടീനാണ് കാസ് - 9 (CAS 9). ഇൗ പ്രോട്ടീൻ ഏതൊരു ജീവിയുടെയും ജനിതകവസ്തുവിനെ (ഡി.എൻ.എ)യെ കൃത്യതയോടെ മുറിക്കാനും അതുവഴി തിരുത്താനും (എഡിറ്റിംഗ് ) ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയതാണ് ക്രിസ്പർ ടെക്നോളജി.
ജനിതക ബന്ധത്തിന്റെ അത്താണിയായ ജീൻനിരകളെ എഡിറ്റ് ചെയ്യാം എന്ന കണ്ടുപിടിത്തത്തെ ആദ്യമായി മനുഷ്യഭ്രൂണത്തിൽ പരീക്ഷിച്ചത് ചൈനയിലെ യൂണിവേഴ്സിറ്റി പ്രൊഫസറും മോളിക്കുലാർ ശാസ്ത്രജ്ഞനുമായ ഡോ. ഹീ ജയാൻകീ ആണ്. ഡോ. ഹീ തന്റെ ആദ്യത്തെ മനുഷ്യഭ്രൂണ പരീക്ഷണം തുടങ്ങിയത് 2015 ലാണ്. 2016 ൽ അദ്ദേഹം അതിൽ വിജയിച്ചു. വളരെ നൈതിക പ്രാധാന്യമുള്ള ഒരു ഗവേഷണത്തെ അതീവ രഹസ്യമായിട്ടാണ് ഡോ. ഹീ കൈകാര്യം ചെയ്തത്. 2017 ൽ ഹീ മനുഷ്യഭ്രൂണ പരീക്ഷണം ചെയ്യാൻ താത്പര്യമുള്ള ദമ്പതികളെ തിരഞ്ഞെടുത്തു. 2018 നവംബറിൽ ലോകത്താദ്യമായി ജീൻ തിരുത്തൽ പ്രക്രിയയിലൂടെ എച്ച്.ഐ.വി രോഗം വരാത്ത രണ്ട് പെൺകുഞ്ഞുങ്ങളെ ഒരമ്മ പ്രസവിച്ചു. അതുകൊണ്ട് ഹീ അടങ്ങിയില്ല. മൂന്നാമത്തെ കുഞ്ഞിന്റെ പിറവിക്കായി വീണ്ടും മറ്റൊരു ദമ്പതികളുടെ ഭ്രൂണത്തിൽ പരീക്ഷണം തുടർന്നു. ആ അമ്മയുടെ പ്രസവം 2019 ആഗസ്റ്റിലാണ്. മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കയാണ് ലോകം. ചൈനയുടെ അതിരുവിട്ട ഇൗ മോളിക്കുലാർ പരീക്ഷണത്തെ മുഴുവൻ ശാസ്ത്രലോകവും അപലപിച്ചു. ഡോ. ഹീയുടെ പരീക്ഷണഫലം ഇതുവരെ ഒരു അന്തർദ്ദേശീയ ജേർണലും പ്രസിദ്ധീകരിച്ചിട്ടില്ല. ആകെ ഡോ. ഹീ ചെയ്തത് ഹോങ്കോംഗിലെ ഒരു പ്രാദേശിക ജനിതക സെമിനാറിൽ ഒരു പ്രബന്ധമായി ഇൗ പരീക്ഷണഫലം അവതരിപ്പിച്ചു എന്നതാണ്. ചൈനീസ് ഗവൺമെന്റ് ഇൗ അസാധാരണ ഗവേഷണത്തിന്റെ നൈതികയെ മുൻനിറുത്തി ഡോ. ഹീയെ യൂണിവേഴ്സിറ്റിൽ നിന്ന് പുറത്താക്കി.
ഹീ എന്താണ് ചെയ്തത് ?
എച്ച്.ഐ.വി പോസീറ്റിവായ പിതാവിന്റെ ബീജത്തിൽനിന്ന് എച്ച്.ഐ.വി നെഗറ്റീവായ മാതാവിൽ ജന്മംകൊണ്ട ഭ്രൂണത്തിന്റെ എച്ച്.ഐ.വി ജീനിനെ ഡോ. ഹീ മുറിച്ചുനീക്കി തുന്നിച്ചേർത്തു. ആ ഭ്രൂണത്തിൽ നിന്ന് വളർന്നു വരുന്ന കുഞ്ഞിന് എച്ച്.ഐ.വി രോഗം വരില്ലെന്ന് ഡോ. ഹീ ആ അമ്മയെ പറഞ്ഞുധരിപ്പിച്ചു. ലോകം കാത്തിരിക്കുകയാണ് ഇൗ പെൺകുഞ്ഞിന് എച്ച്.ഐ.വി വരുമോ? ഇല്ലയോ? അത് നവംബറിന്റെ നഷ്ടമോ, ലാഭമോ ആകാം. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ചട്ടക്കൂട്ടിൽ ജീവിക്കുന്ന ഡോ. ഹീ എന്ന ശാസ്ത്ര ഗവേഷകന് എങ്ങനെ അതീവ രഹസ്യമായി ഇൗ അസ്വഭാവിക പരീക്ഷണം നടത്താൻ സാധിച്ചു എന്നത് വലിയ ചോദ്യചിഹ്നമായി നിൽക്കുകയാണ്. തീർച്ചയായും മനുഷ്യന്റെ ജനിതകവൈകല്യത്തെയും പാരമ്പര്യരോഗത്തെയും പ്രതിരോധിക്കാനുള്ള ഒരു ആധുനിക ചികിത്സാസമ്പ്രദായമായി ജീൻ എഡിറ്റിംഗിനെ മാറ്റാൻ ലോക ശാസ്ത്രജ്ഞർക്ക് ഗൗരവമായി ആലോചിക്കുന്നതേയുള്ളൂ. വളരെ സൂക്ഷ്മതയോടെ എല്ലാ നൈതിക വശങ്ങളും മനസിലാക്കി ചെയ്യേണ്ടുന്ന ഒരു വലിയ സംരംഭത്തെ, കേവലം ഒരു ശാസ്ത്രപരീക്ഷണമായി ഡോ. ഹീ ചെയ്തപ്പോൾ, ലോകത്തിന്റെ മുമ്പിൽ ചെറുതായത് ചൈന എന്ന രാജ്യത്തിന്റെ ശാസ്ത്രബോധമാണെന്ന് ഒാർക്കുക. ഡോ. ഹീയുടെ പരീക്ഷണത്തെ വിലയിരുത്തിയ ഇംഗ്ളണ്ടിലെ മോളിക്കുലാർ ശാസ്ത്രജ്ഞയായ ഡോ. നാഥാലി പറഞ്ഞതുപോലെ വയറ്റിൽ തീയും ഹൃദയത്തിൽ അനുകമ്പയുമായി നമുക്ക് കാത്തിരിക്കാം. ആ കുഞ്ഞുങ്ങൾ യുവതികൾ ആകും വരെ.
( ലേഖകൻ കൊച്ചിൻ SCMS ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. ഫോൺ: 9847065069 )